ആലത്തൂര്‍: കൃഷിവകുപ്പ് മുഖേന പച്ചക്കറി കര്‍ഷകര്‍ക്കായി നടപ്പിലാക്കിയ അടിസ്ഥാന വില ധനസഹായവും മുടങ്ങി. പച്ചക്കറി കൃഷിയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ക്കാണ് വിലക്കുറവിന്റെ ആശ്വാസമായി ലഭിക്കേണ്ടിയിരുന്ന അടിസ്ഥാന വിലയാണ് മുടങ്ങിയത്.
പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെട്ട എലവഞ്ചേരി, നെന്മാറ, അയിലൂര്‍ കൃഷിഭവനു കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതിയിലെ 120 ലധികം അംഗങ്ങള്‍ക്കാണ് കഴിഞ്ഞവര്‍ഷത്തെ അടിസ്ഥാന വിലയായി 23 ലക്ഷം രൂപ ലഭിക്കാനുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിദിനം മൂന്ന് മുതല്‍ എട്ടുലോഡ് പച്ചക്കറികളാണ് ഈ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുപോകുന്നത്. കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, വെണ്ട തുടങ്ങിയ 16 ഇനം പച്ചക്കറികള്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചത്. താങ്ങുവിലയേക്കാള്‍ കുറവില്‍ പച്ചക്കറി വില്‍പ്പന നടത്തേണ്ടി വന്നാല്‍ കുറവുവന്ന തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി. ഇതിനായി കര്‍ഷകര്‍ എയിംസ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് കൃഷിയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ എടുക്കുകയും ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത പാളിയമംഗലം, പനങ്ങാട്ടിരി, വിത്തനശ്ശേരി എന്നിവിടങ്ങളിലുള്ള സാശ്രയ കര്‍ഷക സമിതിയിലെ കര്‍ഷകര്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ തുക ഇനിയും ലഭിക്കാനുള്ളത്.
കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം പച്ചക്കറി കൃഷിയില്‍ മഞ്ഞളിപ്പും രോഗബാധയും മൂലം വലിയ സാമ്പത്തിക നഷ്ടത്തിലാണ് കര്‍ഷകരിപ്പോള്‍. പച്ചക്കറി വില ഉയര്‍ന്നിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. പാളിയമംഗലം സ്വാശ്രയ കര്‍ഷക സമിതിയില്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70 കര്‍ഷകര്‍ക്കായി 19 ലക്ഷം രൂപയാണ് ലഭിക്കാനുള്ളതെന്ന് സമിതി പ്രസിഡന്റ് സുരേഷ് പറഞ്ഞു. തുക അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ കൃഷി മന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയായിട്ടില്ല. എന്നാല്‍ അടിസ്ഥാന വില പദ്ധതി പ്രകാരം തുക സംബന്ധിച്ച് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് മാര്‍ക്കറ്റിങ് വിഭാഗം അസി.ഡയറക്ടര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: