കോഴിക്കോട്: ഗണപതിയെ മിത്തെന്ന് വിശേഷിപ്പിച്ച സ്പീക്കർ എ. എൻ ഷംസീർ മാപ്പു പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ വർഗീയവാദിയായി വിലയിരുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഓർമ്മക്കുറവുണ്ടെന്നും അടിയന്തരമായി അതിനുള്ള മരുന്നു വാങ്ങി നൽകണമെന്നും മുരളീധരൻ പരിഹസിച്ചു.
‘‘വൈദ്യരത്നത്തിന്റെ ഷോപ്പിൽനിന്ന് അടിയന്തരമായി ബ്രഹ്മീഘൃതം വാങ്ങിനൽകണം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഇവിടെനിന്ന് ഒരു ബ്രഹ്മീഘൃതം വാങ്ങി അടിയന്തരമായി ഗോവിന്ദൻ മാസ്റ്റർക്ക് എത്തിക്കണം. ഓര്‍മക്കുറവിന് നല്ലതാണ് ബ്രഹ്മീഘൃതം. മിനിയാന്ന് അദ്ദേഹം കേരളത്തിൽനിന്ന് പറഞ്ഞത് ഗണപതി മിത്താണെന്നാണ്. ഇന്നലെ അദ്ദേഹം ദൽഹിയിലെത്തിയപ്പോൾ അതൊന്നും ഓർമയില്ല. ഇത്തരത്തിലുള്ള അവസരവാദ നാടകം അവസാനിപ്പിക്കണം”- വി മുരളീധരൻ പറഞ്ഞു.
ശബരിമലയും ഗണപതിയും ഈ നാട്ടിലെ വിശ്വാസത്തിന്റെ പ്രതീകമാണ്. ഇതിനെ വോട്ടുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസങ്ങൾക്ക് കോൺഗ്രസും പുല്ലുവിലയാണോ കൊടുക്കുന്നത് എന്നാണ് ഇക്കാര്യത്തിൽ അറിയേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: