Categories: World

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി

Published by

ജിദ്ദ : സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടക്കുന്ന യുക്രൈന്‍ സമാധാന ചര്‍ച്ചകളില്‍  ഇന്ത്യയും പങ്കെടുക്കുന്നു.യുക്രൈന്‍  പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി മുന്നോട്ടുവച്ച സമാധാന പദ്ധതിയെക്കുറിച്ച്  സൗദി അറേബ്യ, പാശ്ചാത്യ രാഷ്‌ട്രങ്ങളിലെയും  ചില വികസ്വര രാജ്യങ്ങളിലെയും പ്രതിനിധികളുമായി ആശയവിനിമയം നടത്തിയിരുന്നു.  

 സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയും നയതന്ത്രവും അനിവാര്യമാണെന്ന  നിലപാടാണ് ഇന്ത്യക്കെന്ന് വിദേശകാര്യ വക്താവ് അരിന്ദംബാഗ്ചി ഊന്നിപ്പറഞ്ഞു. സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലൂടെ, യുക്രൈനിലെ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍, ജിദ്ദയില്‍ നടക്കുന്ന യോഗത്തില്‍  റഷ്യയെ ഒഴിവാക്കിയിട്ടുണ്ട്.

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി 10 ഇന സമാധാന പദ്ധതിയാണ് മുന്നോട്ട് വച്ചിട്ടുളളത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും മറ്റ് ലോക നേതാക്കളുമായും അദ്ദഹം ഇക്കാര്യം ചര്‍ച്ച ചെയ്തു. സമാധാന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആഗോള സമാധാന ഉച്ചകോടി ചേരണമെന്ന്  സെലെന്‍സ്‌കി അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

 റഷ്യ -യുക്രൈന്‍ യുദ്ധവും ക്രിമിയയെ റഷ്യ പിടിച്ചടക്കിയതും അന്താരാഷ്‌ട്ര തലത്തില്‍ വാണിജ്യത്തെയടക്കം ബാധിച്ചിട്ടുണ്ട്. ഈ സംഘര്‍ഷം മേഖലയില്‍ മനുഷ്യരുടെ ദുരിതങ്ങള്‍ക്കും ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക