തിരുവല്ല: പരുമലയിലെ നാക്കടയില്‍ മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്റിലായ പ്രതിക്ക് വേണ്ടി പുളിക്കീഴ് പോലീസ് ഇന്ന് തിരുവല്ല കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഇന്ന് തന്നെ പ്രതിയെ തെളിവെടുപ്പിന് വിട്ടുകിട്ടിയേക്കും. അല്ലെങ്കില്‍ തിങ്കളാഴ്ച നടപടിക്രമങ്ങള്‍ തുടങ്ങാനാണ് പോലീസ് പദ്ധതിയിടുന്നത്. നിലവില്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.കൊല്ലപ്പെട്ട പരുമല നാക്കട കൃഷ്ണവിലാസം സ്‌കൂളിനു സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. പ്രതിയും ഇവരുടെ മകന്‍ കൊച്ചുമോന്‍ എന്ന അനില്‍കുമാറിനെ് (50) വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് തിരുവല്ല കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
രാവിലെ എട്ടരയോടെ ആയിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മകന്റെ മര്‍ദനം സഹിക്കവയ്യാതെ ഏതാനും മാസം മുമ്പ് വീടുവിട്ടിറങ്ങിയ മാതാപിതാക്കള്‍ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് അനില്‍ മാതാപിതാക്കളെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ വീണ്ടും കലഹം ഉണ്ടായി. വാക്കേറ്റത്തിന് ഒടുവില്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് അനില്‍ പിതാവ് കൃഷ്ണന്‍കുട്ടിയെ കുത്തുകയായിരുന്നു. തടസ്സം പിടിക്കാന്‍ എത്തിയ മാതാവിനെയും ഇയാള്‍ കുത്തി വീഴ്‌ത്തി. പരുമല കൃഷ്ണവിലാസം സ്‌കൂളിനുസമീപം കടപ്ര ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡായ നാക്കടയില്‍ ആശാരിപറമ്പില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (78) യെയും ഭാര്യയെയും മകന്‍ അനില്‍ കൊലപ്പെടുത്തി എന്ന വാര്‍ത്ത ഉള്‍കൊള്ളാന്‍ ഇതുവരെ നാട്ടുകാര്‍ക്ക് സാധിച്ചിട്ടില്ല. നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും ഒരേ സ്വരത്തില്‍ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് കൃഷ്ണന്‍കുട്ടിയെക്കുറിച്ച് പറയാനുള്ളത്. പൊതുരംഗത്തും കൃഷ്ണന്‍കുട്ടി സജീവമായിരുന്നു.
കൃഷ്ണവിലാസം സ്‌കൂളിലെ മുന്‍ പി.ടി.എ. പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തിന്റെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ്, കടപ്ര സര്‍വീസ് സഹകരണ ബാങ്ക് മുന്‍ അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആദ്യ കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ സജീവ അംഗമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.ഭാര്യ ശാരദയും സമീപവാസികള്‍ക്ക് പ്രിയങ്കരി ആയിരുന്നു. കാലിന് വേദന ഉള്ളതിനാല്‍ വടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്.വ്യാഴാഴ്ച രാവിലെ 8.30-ന് കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തുന്നത് കണ്ട സമീപവാസികളാണ് നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. ഇതോടെ വിവരം കാട്ടുതീപോലെ പടര്‍ന്നു. ജനം ഇവിടേക്ക് ഒഴുകിയെത്തി. നാട്ടുകാര്‍ എത്തിയപ്പോഴാണ് അമ്മയെയും കൊലപ്പെടുത്തിയ വിവരം അറിയുന്നത്. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയാണ് കൃഷ്ണന്‍കുട്ടി കുടുംബം പുലര്‍ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: