കല്ലറ അജയന്‍
”ദുഃഖമധ്യേസുഖമായും വരും പിന്നെ
ദുഃഖം സുഖമധ്യസംസ്ഥമായും വരും
രണ്ടുമന്യോന്യ സംയുക്തമായേവനു
മുണ്ടു ജലപങ്കമെന്ന പോലെ സഖേ
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴും
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം”
അയോദ്ധ്യാകാണ്ഡത്തില്‍ ഗുഹസംഗമത്തില്‍ നിന്നെടുത്ത വരികളാണിവ. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ ഭാവങ്ങളെക്കുറിച്ച് എഴുത്തച്ഛനെപ്പോലെ അന്വേഷിച്ച കവികള്‍ വ്യാസനും വാല്മീകിയും കാളിദാസനും മാത്രമേയുള്ളൂ.
സുഖദുഃഖസമ്മിശ്രമാണ് ജീവിതം. ദുഃഖങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ പരിതപിക്കുകയും സുഖം ലഭിക്കുമ്പോള്‍ മതിമറക്കുകയും ചെയ്യും. ദുഃഖമില്ലായിരുന്നുവെങ്കില്‍ ജീവിതമെത്ര സുഖകരമായേനെയെന്നു സ്വപ്‌നം കാണും. എന്നാല്‍ തുടര്‍ച്ചയായ സുഖങ്ങള്‍ മനുഷ്യനില്‍ മടുപ്പുണ്ടാക്കും. അതിസമ്പന്നന്മാര്‍ പലരും തങ്ങളുടെ സമ്പത്തു മുഴുവന്‍ ദാനം ചെയ്ത് സംന്യാസിമാരെപ്പോലെ ജീവിക്കുന്നത് നാം കാണാറുണ്ട്. അത് ഈ മടുപ്പിന്റെ കാരണം കൊണ്ടാണ്.
ഇടയ്‌ക്കുണ്ടാവുന്ന ദുഃഖങ്ങളാണ് സുഖത്തിന് മിഴിവ് പകരുന്നത്. ദുഃഖങ്ങളേയില്ലയെങ്കില്‍ സുഖം സന്തോഷകരമായി അനുഭവപ്പെടുകയില്ല. പകരം മടുപ്പായാണ് അനുഭവപ്പെടാറ്.
ഭാഗവതത്തില്‍ എഴുത്തച്ഛന്‍ തന്നെ എഴുതുന്നുണ്ട,് ”സുഖവും ദുഃഖവും അനുഭവകാലം കിഴികേ സമമെന്നറിയുക നമ്മള്‍” എന്ന്. ജീവിതത്തെക്കുറിച്ച് ആലോചിച്ചാല്‍ ഇത് ഏറ്റവും അര്‍ത്ഥപൂര്‍ണമാണെന്നു മനസ്സിലാവും. ഏറ്റവും ദുഃഖകരമായ ഒരു സംഭവവും അതുപോലെ സന്തോഷകരമായ ഒരു സംഭവവും വളരെ വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളോടു മറ്റൊരാള്‍ വിവരിക്കുന്നത് പുഞ്ചിരിയോടെയായിരിക്കും. ഇതേ ആശയം തന്നെ ഇംഗ്ലീഷ് കവിയായ ആല്‍ഫ്രഡ് ടെന്നിസന്‍ തന്റെ
‘ In memoriam’ എന്ന കവിതയിലും പറയുന്നുണ്ട്.
O sorrow, cruel felloship
O priestess in the vaults of death
Oh sweet and bitter in breath
what whispers from thy lying lip
ദുഃഖത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഒരേ സമയം അത് മധുരമുള്ളതും കയ്പുള്ളതുമാണെന്ന് കവി പറയുന്നു. എഴുത്തച്ഛനാണെങ്കിലോ ഋഷിത്വം ആര്‍ജിച്ച പണ്ഡിതന്മാര്‍ (ബുധജനം) രണ്ടിനേയും (സുഖത്തേയും ദുഃഖത്തേയും) സമമായി കാണുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയൊരു മനോനില ആര്‍ജിക്കാനായാല്‍ ജീവിതത്തെ ലഘുവായി നോക്കിക്കാണാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: