Categories: India

ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്

ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് നേരത്തേ ശിവ ക്ഷേത്രമായിരുന്നുവെന്നും മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവുപ്രകാരം അതുതകര്‍ത്ത് പള്ളി പണിതതെന്നാണ് പരാതി.

Published by

ന്യൂദല്‍ഹി  : വാരാണസി ഗ്യാന്‍വ്യാപി തര്‍ക്ക മന്ദിരത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ ആരംഭിച്ചു. സര്‍വേയ്‌ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള വാരാണസി സെഷന്‍സ് കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് പുരാവസ്തു സംഘം പരിശോധനയ്‌ക്ക് എത്തിയത്.  

വെള്ളിയാഴ്ച രാവിലെയോടെ സംഘം സര്‍വ്വേയ്‌ക്കായി എത്തുകയായിരുന്നു. ജില്ലാ മജിസ്ര്ടേറ്റും പോലീസ് കമ്മീഷണറുമുള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മസ്ജിദ് പരിസരത്ത് എത്തിയിട്ടുണ്ട്. തര്‍ക്കഭൂമിയിലേക്കുള്ള റോഡുകളെല്ലാം അടച്ച് ബാരിക്കേഡുകള്‍ സ്ഥാപിച്ചശേഷമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. 100 മീറ്റര്‍ മാറി മാത്രമേ മാധ്യമങ്ങള്‍ നിലയുറപ്പിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. നിലവില്‍ ജില്ലാഭരണകൂടം ചുമതലപ്പെടുത്തിയവര്‍ക്ക് മാത്രമാണ് തര്‍ക്കഭൂമിയിലേക്ക് പ്രവേശനമുള്ളത്.  

17ാം നൂറ്റാണ്ടില്‍ ക്ഷേത്രം തകര്‍ത്ത് ആസ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചതാണോയെന്നാണ് പുരാവസ്തു വകുപ്പ് പരിശോധിക്കുന്നത്. സര്‍വേയുടെ ഭാഗമായി മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനകളൊന്നും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അഭിഭാഷകസംഘം നടത്തിയ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന പള്ളിക്കുളത്തിലും പരിശോധനയുണ്ടാവില്ല. സുപ്രീംകോടതി അതിന് വിലക്കേര്‍പ്പെടിത്തിയതിനാലാണ് ഇത്.  

തര്‍ക്കഭൂമിയില്‍ ശാസ്ത്രീയപരിശോധന നടത്താന്‍ വാരാണസി ജില്ലാകോടതി ജൂലായ് 21-നാണ് എഎസ്‌ഐയോട് നിര്‍ദേശിച്ചത്. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് അവര്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയമനുവദിച്ച സുപ്രീംകോടതി സര്‍വേ താത്കാലികമായി തടഞ്ഞു. തുടര്‍ന്ന് ജൂലായ് 25ന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ടജി തള്ളിക്കൊണ്ടാണ് ഉത്തരവിറക്കിയത്.

ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് നേരത്തേ ശിവ ക്ഷേത്രമായിരുന്നുവെന്നും മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവുപ്രകാരം അതുതകര്‍ത്ത് പള്ളി പണിതതെന്നാണ് പരാതി. മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഈ കേസിന് ആധാരം.  

അതേസമയം ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക