മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്. പോലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ കണ്ടെത്തി. മരിച്ച താമിര്‍ ജിഫ്രിയെ കിടത്തിയിരുന്ന സ്റ്റേഷന് മുകളിലാണ് വിശ്രമമുറി. കേസ് അന്വേഷിക്കുന്ന കൈബ്രാംഞ്ച് സംഘത്തിനാണ് നിര്‍ണായക തെളിവ് ലഭിച്ചത്. രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയക്കും. ആരോപണ വിധേയരായ എസ്ഐ ഉള്‍പ്പടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
18 ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് താമിര്‍ ജിഫ്രിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും താമിര്‍ ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നുമാണ് പോലീസ് വാദം.
അതേസമയം സംഭവദിവസം യുവാവിനെ താനൂരില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുത്തെന്ന പോലീസ് വാദത്തിനെതിരെ കുടുംബം രംഗത്തുവന്നു.
ചേളാരിയില്‍ നിന്നും വൈകിട്ട് അഞ്ചിന് കസ്റ്റഡിയിലെടുത്തെന്ന് കുടുംബം ആരോപിക്കുന്നു. കൂടാതെ താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടുപോയതെന്നും ക്രൂരമായി മര്‍ദിച്ചെന്നും കുടുംബം പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും സഹോദരന് ഹാരിസ് ജിഫ്രി അറിയിച്ചു.
ലഹരി മരുന്ന് കൈവശംവച്ച താമിര്‍ ജിഫ്രിയെയും മറ്റ് നാല് പേരെയും താനൂര്‍ ദേവദാര്‍ പാലത്തിന് സമീപത്ത് വച്ച് തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്. എന്നാല്‍ വൈകിട്ട് അഞ്ചിന് ചേളാരിയിലെ താമസ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയെന്ന് സഹോദരന് പറയുന്നു. ആദ്യം പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞെന്നും പിന്നീട് രാത്രി 11ന് താമര്‍ ജിഫ്രി സുഹൃത്തിനെ വിളിച്ചിരുന്നെന്നും സഹോദരന് പറഞ്ഞു.
അടുത്ത ദിവസം പുലര്‍ച്ചെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും ചൊവ്വാഴ്ച രാവിലെ പത്തരയോടെ മാത്രമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നല്കിയ ആദ്യ മറുപടികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഇതോടെ പരപ്പനങ്ങാടി മജിസ്ട്രേറ്റിന് ബന്ധുക്കള്‍ മൊഴി നല്കി. സംഭവത്തില്‍ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഫ്രിയുടെ ശരീരത്തില്‍ 13 ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മര്‍ദ്ദനമേറ്റ പാടുകള്‍ തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം ജിഫ്രിയുടെ ആമാശയത്തില്‍ നിന്നും രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: