കോഴിക്കോട്: കമ്യൂണിസ്റ്റ് ഭരണത്തില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭഗവാന്മാര്ക്കും പോലും സുരക്ഷിതമല്ലാത്ത ഇടമാക്കി കേരളത്തെ മാറ്റിയെന്ന് മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖാ ഗുപ്ത. മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകള്‍ക്കെതിരെ എല്ലായിടങ്ങളിലും ആക്രമണം വര്‍ധിച്ചതിന്റെ ഒരു ഉദാഹരണമാണിത്. ലഹരി മാഫിയ സകല രംഗത്തും സൈ്വരവിഹാരം നടത്തുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കുടിയേറുന്ന ഇതര സംസ്ഥാനക്കാരുടെ കാര്യത്തില്‍ കണക്കും നിരീക്ഷണവുമൊന്നും ഈ സര്‍ക്കാരിനില്ലേ. കുഞ്ഞുങ്ങള്‍ക്ക് വീടുകള്‍ പോലും സുരക്ഷിതമല്ലാത്ത തരത്തില്‍ ക്രിമിനലുകള്‍ വാഴുന്നതെന്തുകൊണ്ടാണ്.
ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും ആക്ഷേപിക്കുന്നതും അധിക്ഷേപിക്കുന്നതും നിയമസഭാ സ്പീക്കറെപ്പോലെ ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവരാണ്. കേരളത്തെ കൊള്ളരുതാത്ത നാടാക്കിയെന്നതാണ് കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഭരിച്ച ഇക്കാലമത്രയും കൊണ്ട് സംഭവിച്ചത്, രേഖാ ഗുപ്ത പറഞ്ഞു. പൊതു തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ മഹിളാ മോര്‍ച്ചയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ ചൂണ്ടിക്കാട്ടി.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന് അധ്യക്ഷയായി. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധു മോള്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സിനി മനോജ്, ദേശീയ നിര്‍വാഹക സമിതിയംഗം എം.എല്‍. അശ്വിനി എന്നിവര്‍ സംസാരിച്ചു.
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് പ്രമേയം അവതരിപ്പിച്ചു. സമാപന സഭയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: