ബദിയഡുക്ക: പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബദിയഡുക്ക സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ അസൗകര്യങ്ങള്‍ക്കും അവഗണനയ്ക്കും നടുവില്‍. ഓണപ്പരീക്ഷ ആരംഭിക്കാറായിട്ടും ട്യൂട്ടര്‍മാര്‍ ആരും ഇതുവരെ എത്തിയിട്ടില്ല. ഏഴ് ട്യൂട്ടര്‍മാരുടെയും ഒരു മാട്രണ്‍ കം റസിഡന്റ് ട്യൂട്ടറുടെയും തസ്തികയാണ് ഇവിടെയുള്ളത്. ഇതില്‍ ഒന്നില്‍ പോലും ആളില്ല. പരീക്ഷയ്ക്ക് മുമ്പെങ്കിലും ഈ തസ്തികകളില്‍ നിയമനം നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
33 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വീടുകളില്‍ പഠന സൗകര്യം കുറവുള്ളതിനാലാണ് പലരും ഇവിടെ താമസിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുവാന്‍ മികച്ച ഭൗതിക സാഹചര്യങ്ങളോടൊപ്പം ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക പരിശീലനവും ഇവിടെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍ കുട്ടികളെ ഇവിടേക്ക് അയക്കുന്നത്. അധ്യയന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ക്കുള്ള പഠന പരിശീലനം ആരംഭിക്കാത്തതിലും മറ്റ് അസൗകര്യങ്ങള്‍ പരിഹരിക്കാത്തതിലും രക്ഷിതാക്കളും കുട്ടികളും പ്രതിഷേധത്തിലാണ്.
വൈദ്യുതി ഇല്ലെങ്കില്‍ ഹോസ്റ്റല്‍ മുഴുവന്‍ ഇരുട്ടിലാവും. കുട്ടികളുടെ പഠനത്തിനും അതിലുപരി സുരക്ഷിതത്വത്തിനും ഇത് വലിയ ഭീഷണിയാണ്. ഇപ്പോള്‍ത്തന്നെ രണ്ട് ദിവസമായി ഹോസ്റ്റലില്‍ വൈദ്യുതി തടസ്സം ഉണ്ട്. പൊതുമരാമത്ത്വകുപ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രധാന കെട്ടിടത്തിലെ തകരാര്‍ പരിഹരിച്ചതല്ലാതെ അടുക്കള, പഠനമുറി, ഭക്ഷണശാല എന്നിവിടങ്ങള്‍ ഇരുട്ടില്‍ത്തന്നെയാണ്. വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ഇന്‍വര്‍ട്ടര്‍ സംവിധാനം നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. ഇത് അറ്റകുറ്റപ്പണിനടത്തി പ്രവര്‍ത്തനക്ഷമമാക്കാനോ പുതിയത് വാങ്ങാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഹോസ്റ്റലിലെ രണ്ട് വലിയ ഹാളുകളിലാണ് കുട്ടികള്‍ രാത്രി ഉറങ്ങാന്കിടക്കുന്നത്.കിടപ്പുമുറികളോട് ചേര്‍ന്ന് കക്കൂസില്ല. ഇവര്‍ക്ക് രാത്രികാലങ്ങളില്‍ അത്യാവശ്യ കാര്യത്തിന് ഗേറ്റ് തുറന്ന് പുറത്ത് പോകേണ്ട സ്ഥിതിയാണുള്ളത്. ഇത് ഏറെ അസൗകര്യമുണ്ടാക്കുന്നുണ്ട്. കിടപ്പ് മുറികളോട് ചേര്‍ന്ന് ഹോസ്റ്റലിന് ഉള്ളില്‍ത്തന്നെ കക്കൂസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. അതുപോലെ ഭക്ഷണശാലയിലെ നിരവധി ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. ഇഴജന്തുക്കളും മറ്റും ധാരാളം ഉള്ള ഈ പ്രദേശത്ത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇത് ഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: