ഡോ.കൂമുള്ളി ശിവരാമന്‍
സ്ത്രീയും പുരുഷനും പ്രകൃതിയുടെ താളക്രമത്തില്‍ പരസ്പരപൂരകമായി സൃഷ്ടിക്കപ്പെട്ടതാണ്. ഈ പൂര്‍ണിമയുടെ മധുരമാണ് ദാമ്പത്യജീവിതത്തെ വസന്തോത്സവമാക്കുന്നത്. കാലത്തിന്റെ ഇരുട്ടിലൂടെ സഞ്ചരിക്കുന്ന ദീപശിഖയാണ് മാതൃത്വം. മാതൃത്വവും അതിന്റെ മഹനീയതയുമാണ് കുടുംബത്തിന്റെ ആദിപ്രഭവം. സ്ത്രീത്വാദര്‍ശത്തിന്റെ നൈരന്തര്യമാണ് ഇതിഹാസ കുടുംബചിന്തയിലുണരുന്ന സ്ത്രീദര്‍ശനം. കര്‍മ്മധീരയും ധര്‍മകാംക്ഷിയുമായി ഭാരതസ്ത്രീ പതിദേവതയും മാതൃദേവതയുമായി പരിലസിക്കുന്നു. സ്ത്രീയുടെ ഉയര്‍ച്ച അവളില്‍ നിന്നു തന്നെ സമാരംഭിക്കണം. ഇച്ഛാശക്തികൊണ്ടും ആത്മീയ സാധനകൊണ്ടും ഉത്തരവാദിത്വത്തിന്റെ നയരേഖയിലൂടെ സഞ്ചരിക്കുന്ന സ്ത്രീപാത്രങ്ങളെ ഇതിഹാസമവതരിപ്പിക്കുന്നുണ്ട്. മാതൃസങ്കല്പത്തിന്റെ സത്യശിവസൗന്ദര്യമാണ് അവര്‍ പ്രദര്‍ശിപ്പിക്കുക. സീത, കൗസല്യ, കൈകേയി, സുമിത്ര, ഊര്‍മിള, മണ്ഡോദരി, താര എന്നിവര്‍ രാമായണ കാവ്യത്തിനേകുന്ന കുടുംബിനീ സങ്കല്‍പ്പങ്ങള്‍ അനശ്വരമാണ്. ത്രേതായുഗത്തിന്റെ ചുട്ട കവിളില്‍ നിന്ന് അടര്‍ന്നു വീഴാനായുന്ന കണ്ണീര്‍ത്തുള്ളിയാണ് സീത. അഗ്നിസാക്ഷിയായി വൈദേഹി ജീവിതമുഹൂര്‍ത്തങ്ങളെ നേരിടുകയായിരുന്നു. വാല്മീകി മഹര്‍ഷിയുടെ അനുഗ്രഹത്തില്‍ ആ ജീവനും യാഗാഗ്നിപോലെ ജ്വലിച്ചു.
രാമന്റെ വിശ്വതോമുഖമായ കര്‍മസായൂജ്യങ്ങളും തീരുമാനങ്ങളുമെല്ലാം കുടുംബ പശ്ചാത്തലത്തിന് ഊക്കും ഉണര്‍വുമേകാന്‍ പര്യാപ്തമായിരുന്നു. സീതയുടെ അനുയാത്ര തടയാനാഞ്ഞെങ്കിലും
‘ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്‍കിലോ
പാണിഗ്രഹണം മന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രണവാവസാന കാലത്തും പിരിയുമോ?
എന്ന വൈദേഹീ വൈഖരി ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിക്കുകയായിരുന്നു. അദൈ്വതചിന്തയുടെ ഈ ആമുഖവചനം രാമോപനിഷത്തു കൂടിയാണെന്നോര്‍ക്കണം. വനയാത്രയിലെ ഭരദ്വാജദര്‍ശനവും വാല്മീകിയാശ്രമ പ്രവേശവും രാമാദികള്‍ക്ക് വിഭൂതിയേകി. ചിത്രകൂടാചലവും ആശ്രമസങ്കേതവും സ്‌നേഹസംസ്‌കൃതിയുടെ മാറ്റില്‍ കുടുംബത്തിന്റെ പുനര്‍സൃഷ്ടിയാവുന്നു. വനപ്രകൃതിയെ കുടുംബപ്രകൃതിയായി സ്വാംശീകരിക്കുകയായിരുന്നു ആ ആരണ്യജീവന പ്രത്യയങ്ങള്‍. രാജകൊട്ടാരത്തേക്കാള്‍ വിശ്വപ്രകൃതിയുടെ പ്രശാന്തിയാണ് അവിടെ രാമാദികള്‍ അന്വേഷിക്കുക. അന്വേഷണ മാര്‍ഗമാകട്ടെ കുടുംബത്തില്‍ നിന്നാണ് സമാരംഭിക്കുക. ആരണ്യകാണ്ഡത്തില്‍ ലക്ഷ്മണനോട്, ക്ഷേപാവരണശക്തിയാണ് മായയെന്ന് ചൊല്ലി, അദൈ്വതത്തിന്റെ അര്‍ത്ഥാന്തരങ്ങളും ജീവാത്മാപരമാത്മാ ബന്ധവും സരളമായി ഉപദേശിക്കുന്നുണ്ട് രാമന്‍. ആത്മപ്രകാശലബ്ധിയാണ് മുക്തി. ഈ മോക്ഷാവസ്ഥയാണ് ജീവാത്മാവിന്റെ പരമലക്ഷ്യമെന്നും ഭക്തിയാണ് അതിന്റെ സാധനാപര്‍വമെന്നും ഇതിഹാസം സമര്‍ത്ഥിക്കുന്നു. സഹോദരന് ഉപനിഷദ്ജ്ഞാനമേകുന്ന രാമന്‍ കുടുംബമൂല്യങ്ങളുടെ നൈരന്തര്യത്തെയാണ് അറിവനുഭൂതിയിലൂടെ പകരുന്നത്. രാമചരിതം സാഹോദര്യസ്‌നേഹത്തിലും ഗുരുരൂപപ്രകാശത്തിലും ലാവണ്യം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: