ദുബായ്: കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപം നൽകാൻ യുഎഇ തീരുമാനിച്ചു. ഇത് സംബന്ധിച്ച് യുഎഇ അറ്റോർണി ജനറൽ മുന്നോട്ട് വെച്ച ശുപാർശയ്‌ക്ക് യുഎഇ ഫെഡറൽ ജുഡീഷ്യൽ കൗൺസിൽ അംഗീകാരം നൽകി.
ഇത്തരം പ്രത്യേക നിയമസംവിധാനങ്ങൾക്ക് രൂപം നൽകുന്നതിലൂടെ യുഎഇയുടെ സാമ്പത്തിക സ്ഥിരത, സാമ്പത്തിക വളർച്ച എന്നിവയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആഗോളതലത്തിലുള്ള സാമ്പത്തിക മേഖലയിലെ ചലനങ്ങൾക്കൊപ്പം ചുവട് വെക്കുന്നത് ലക്ഷ്യമിട്ടാണ് യുഎഇ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
യുഎഇയിലെ നിയമനിർവഹണം കൂടുതൽ മികച്ചതാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നിയമമന്ത്രാലയം ഫെഡറൽ ജുഡീഷ്യൽ കൗൺസിലുമായി ചേർന്ന് കൊണ്ട് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുക എന്ന പ്രത്യേക ഉദ്ദേശത്തിനുവേണ്ടി രൂപകല്പന ചെയ്തതായിരിക്കും ഈ ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനം.
കോർപ്പറേറ്റ് കുറ്റകൃത്യങ്ങൾ, പാപ്പരത്തം സംബന്ധിച്ച കുറ്റകൃത്യങ്ങൾ, വ്യാപാരമുദ്രകൾ, ബൗദ്ധികസ്വത്തവകാശം എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങൾ, കസ്റ്റംസ് തീരുവ വെട്ടിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മുതലായവ ചെറുക്കുന്നതിന്റെ ആദ്യ പടി എന്ന രീതിയിലാണ് ഈ ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: