പാലക്കുന്ന്: ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും കര്‍ക്കടകത്തില്‍ തെയ്യാട്ടങ്ങള്‍ക്ക് അവധിയാണ്. എങ്കിലും കുട്ടിതെയ്യങ്ങള്‍ വീടുകളിലെത്തി ഒറ്റ ചെണ്ട താളത്തിന്റെയും സ്തുതിപ്പാട്ടിന്റെയും ഈണത്തിനനുസൃതമായി ആടുന്നത് വടക്കേ മലബാറിന്റെ മാത്രം കാഴ്ചയാണ്.
പാരമ്പര്യത്തിന്റെ പതിവ് തെറ്റാതെ കര്‍ക്കടകം 16ന് രാവിലെ കുട്ടിത്തെയ്യങ്ങള്‍ ആട്ടം തുടങ്ങി. ചിങ്ങ സംക്രമം വരെ ഇത് തുടരും. ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ കര്‍ക്കടകം ആദ്യം തന്നെ ‘ആടിവേടന്‍’ ആട്ടം തുടങ്ങുന്നുണ്ട്. മലയന്‍ സമുദായക്കാര്‍ പരമശിവ സങ്കല്പത്തില് വേടനും വണ്ണാന്മാര് പാര്‍വതി രൂപത്തില്‍ ആടിയും നല്ക്കത്തായക്കാര് ഗളിഞ്ചനും കെട്ടിയാടും. ബാലന്മാരാണ് കോലം ധരിക്കുന്നത്. ചെണ്ടക്കാരനും പാട്ടുകാരനും സഹായികളുമായി ചിലരും തെയ്യത്തെ അനുഗമിക്കും.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലും കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലും അതാത് ദേശത്തിന്റെ അവകാശികള്‍ കോലം ധരിച്ച് ആട്ടത്തിന് തുടക്കമിട്ടു. തുടര്‍ന്ന് മറ്റ് ക്ഷേത്രങ്ങളിലും അനുഷ്ഠാന ഇടങ്ങളിലും അവരവരുടെ അവകാശ പരിധിയിലെ വീടുകളിലും ചുവട് വെച്ച് ആടും.ആട്ടം തീരുന്നത്തോടെ അതാത് തെയ്യങ്ങള്‍ക്ക് കിണ്ണത്തില്‍ ഗുരിസി കലക്കി ഉഴിഞ്ഞു മറിക്കും. കുട്ടിതെയ്യങ്ങള്‍ ആടിക്കളിക്കുന്നതോടെ വീടുകളില്‍ നിന്ന് ആദിയും വ്യാധിയും അകറ്റി ഐശ്വര്യവും സമൃദ്ധിയും ചൊരിയുമെന്നാണ് സങ്കല്പം. പണമോ ധാന്യങ്ങളോ നല്‍കിയാണ് തെയ്യങ്ങളെ യാത്രയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: