ഗുരുവായൂര്‍: അനീതിക്കെതിരെ പ്രതികരിക്കാനുള്ള അധ്വാനമായിരുന്നു കോവിലന്റെ സാഹിത്യരചനകളെന്ന് പ്രശസ്ത എഴുത്തുകാരന് സി. രാധാകൃഷ്ണന്. തന്റെ ചുറ്റുപാടുകളില്‍ കണ്ട അനീതികളോട് പ്രതികരിക്കാനുള്ള ഉപാധിയായി സാഹിത്യരചന തിരഞ്ഞെടുത്തതാണ് കോവിലന്റെ എക്കാലത്തേയും വലിയ പ്രസക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള സാഹിത്യ പരിഷത്തും ശ്രീകൃഷ്ണ കോളേജും സംയുക്തമായി സംഘടിപ്പിച്ച കോവിലന് ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടാള ജീവിത കാലത്തും, നാട്ടിന്‍പുറത്തുകാരനായുള്ള ജീവിത കാലഘട്ടത്തിലും മാനവികതയുടെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ പകര്ന്നുനല്കുന്ന കൃതികള്‍ മലയാള സാഹിത്യത്തിന് കോവിലന് സംഭാവന ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷത വഹിച്ച ജന്മശദാബ്ദി സമ്മേളനത്തില്‍ പി. സുരേന്ദ്രന്, ഡോ. നെടുമുടി ഹരികുമാര്‍, പി.യു. അമീര്‍, ഡോ. മുത്തിനാട് പത്മകുമാര്‍, ഷാജു പുതൂര്‍, ഡോ. പി.എസ്. വിജോയ്, ഡോ. എ.എം. റീന, എ.ഡി. ആന്റു എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ അറിയണമെങ്കില്‍ കോവിലന്റെ കൃതികള്‍ വായിക്കണമെന്നും, മലയാള സാഹിത്യത്തിലെ വ്യത്യസ്തനായ ഒറ്റയാനായിരുന്നു കോവിലനെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: