എസ്.എന്‍. ചന്ദ്രന്
ആലത്തൂര്‍: ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി 84 കാരി ഭാരതിയമ്മ. വീഴ്ചവരുത്തിയ പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കുനിശ്ശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മ (84) ഇന്നലെ പരാതി നല്‍കിയത്. 1998 ല്‍ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസില്‍ 2019 ലാണ് കുനിശ്ശേരി സ്വദേശിയായ ഭാരതിയമ്മയെ ആളുമാറി പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ 50 കാരിയെ കിട്ടാതായപ്പോള്‍ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയെയാണ്.
താനല്ല കുറ്റക്കാരിയെന്ന് തെളിയിക്കാന്‍ അന്നു മുതല്‍ നീണ്ട നാലു വര്‍ഷത്തെ നിയമപോരാട്ടമാണ് ഭാരതിയമ്മ നടത്തിയത്. ഒടുവില്‍ സാക്ഷി വിസ്താരത്തിനിടെ ഭാരതിയമ്മ അല്ല യഥാര്‍ത്ഥ പ്രതിയെന്ന് പരാതിക്കാരന് കോടതിയെ അറിയിച്ചതോടെയാണ് കുറ്റവിമുക്തയായത്. താനല്ല പ്രതിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലീസ് മുഖവിലക്കെടുക്കാത്തതിലുള്ള അപമാനഭാരം ആവോളം ഉണ്ടെന്ന് അവര്‍ പറയുന്നു. താനൊരു ദിവസം വീട്ടിലിരിക്കെ പോലീസെത്തി നിങ്ങളെ അറസ്റ്റ് ചെയ്യുന്നതായി പറഞ്ഞെന്നും എന്താണെന്ന് ചോദിച്ചപ്പോള്‍ തര്‍ക്കമാണെന്നും പറഞ്ഞു. തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ചെവിക്കൊള്ളാതെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഭാരതിയമ്മ പറയുന്നു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതേ എന്ന് മാത്രമാണ് ഈ അമ്മയുടെ പ്രാര്‍ത്ഥന. അതേസമയം ഒരേ മേല്‍വിലാസത്തില്‍ നിരവധി വീടുകള്‍ ഉള്ളതുകൊണ്ട് സംഭവിച്ച പാളിച്ചയാണെന്നാണ് പോലീസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: