കിളിമാനൂര്‍ ഗോവിന്ദ്
കിളിമാനൂര്‍: ജനക്ഷേമത്തിനപ്പുറം രാഷ്‌ട്രീയ താല്പര്യവും വോട്ട് ബാങ്ക് ലക്ഷ്യം വച്ചും ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത നിരവധി പദ്ധതികളുണ്ട്. പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയും ആ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.
കൊടുവഴന്നൂര്‍ ഹരിജന്‍ കോളനിയിലെ 40 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍വേണ്ടി പ്രാദേശിക നേതാവിന്റെ മനസ്സില്‍ കൂടെ നിര്‍ത്തുക വോട്ട് തട്ടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട പദ്ധതിയാണിത്. ലക്ഷങ്ങളാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതിനായി മൊട്ടലുവിള കോളനിക്ക് സമീപം കൂറ്റന്‍ വാട്ടര്‍ടാങ്ക് കെട്ടിപ്പൊക്കി. സമീപത്തെ മൂലയില്‍കോണം കുളത്തിന് സമീപം വെള്ളം ശുദ്ധീകരിക്കാന്‍ സംവിധാനം, പമ്പ് ഹൗസ്, കുളത്തില്‍ കിണര്‍ തുടങ്ങിയവയും നിര്‍മിച്ചു. വീടുകളിലേക്ക് പൈപ്പ് ലൈനുകളും ഇട്ടു. 1989 ല്‍ ആണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗ്ഗവി തങ്കപ്പന്റെ സാന്നിധ്യത്തില്‍ അന്നത്തെ ജലസേചനമന്ത്രി ബേബി ജോണ്‍ ആണ് ഉദ്ഘാടനം ചെയ്തത്. വളരെ കുറച്ചുകാലമാണ് പദ്ധതി കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടായത്. പദ്ധതി കൊണ്ട് മറ്റ് പലര്‍ക്കും ജീവിതകാലം മുഴുവന്‍ സുഖിക്കാന്‍ പ്രയോജനമുണ്ടായെന്ന് ഒരു അങ്ങാടി പാട്ടുമുണ്ട്.
നിലവില്‍ കമ്പികള്‍ ദ്രവിച്ചും നിലംപൊത്താവുന്ന നിലയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക്. ഇത് പൊളിക്കാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവ് വരും. മൂലയില്‍കോണത്ത് കുളത്തിനടുത്ത് വെള്ളം ശുദ്ധീകരിക്കാനുള്ള ടാങ്കുകളും, പമ്പ്ഹൗസും നശിച്ചുകിടക്കുകയാണ്.
ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ പദ്ധതി കൊണ്ടുവരാന്‍ പരിശ്രമിച്ചെന്ന് അവകാശപ്പെട്ടിരുന്ന പ്രാദേശിക നേതാവ് ദിവസവും ഇതിനടുത്ത് കൂടെ സഞ്ചരിക്കുന്നുണ്ട്. പക്ഷേ ടാങ്ക് തകരാവുന്ന നിലയില്‍ നില്‍ക്കുന്നത് ഇനിയും കണ്ടഭാവമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് വീടുകള്‍ ഉള്ളതിന് പുറമെ കോളനിയിലെ നിരവധിയാളുകള്‍ തമ്പടിക്കുന്ന സ്ഥലം കൂടിയാണ് വാട്ടര്‍ ടാങ്കിന്റെ പരിസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: