ന്യൂദല്‍ഹി: സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകം അഭിവൃദ്ധി പ്രാപിക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുമെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയെ നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടന്ന ത്രിദിന ജി20 മന്ത്രിതല സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
മഹാത്മാഗാന്ധിയുടെ പേരിലുള്ള നഗരമായ ഗാന്ധി നഗറിന്റെ രൂപീകരണ ദിനത്തില്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അടിയന്തരവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗാന്ധിജിയുടെ ജീവിതശൈലിയുടെ ലാളിത്യവും സുസ്ഥിരത, സ്വാശ്രയത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണപരമായ ആശയങ്ങളും ഗാന്ധി ആശ്രമത്തില്‍ ഒരാള്‍ക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് വ്യക്തമാക്കി.
വിശിഷ്ടാതിഥികള്‍ക്ക് ഇത് പ്രചോദനമാകുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ദണ്ഡി കുടീര മ്യൂസിയം സന്ദര്‍ശിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഗാന്ധിജിയുടെ പ്രസിദ്ധമായ ചര്‍ക്ക സമീപത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഗംഗാബെന്‍ എന്ന സ്ത്രീ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അന്നുമുതല്‍ ഗാന്ധിജി ഖാദി ധരിക്കാന്‍ തുടങ്ങിയെന്നും അത് സ്വയംപര്യാപ്തതയുടെയും സുസ്ഥിരതയുടെയും പ്രതീകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു’. അവരുടെ സാമ്പത്തിക ശാക്തീകരണം വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നുവെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയെ നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ നേതൃത്വം ഉള്‍ക്കൊള്ളലിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശബ്ദം ഗുണപരമായ മാറ്റത്തിന് പ്രചോദനം നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സ്ത്രീകള്‍ നയിക്കുന്ന വികസന സമീപനമാണെന്നും ഈ ദിശയില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു.
ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രചോദനാത്മകമായ മാതൃകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എളിയ ഗോത്ര പശ്ചാത്തലത്തില്‍നിന്നു വന്ന ആ വനിതയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ നയിക്കുന്നതും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിരോധ സേനയുടെ കമാന്‍ഡര്‍ഇന്‍ചീഫ് ആയി പ്രവര്‍ത്തിക്കുന്നതുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയില്‍, ഭരണഘടന സ്ത്രീകളുള്‍പ്പെടെ എല്ലാ പൗരന്മാര്ക്കും വോട്ടവകാശം തുല്യമായി അനുവദിച്ചിട്ടുണ്ടെന്നും സമത്വത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികള്‍ സാമ്പത്തിക പാരിസ്ഥിതിക സാമൂഹിക മാറ്റത്തിന്റെ പ്രധാന ഏജന്റുമാരാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ 46 ശതമാനവും, അതായത്, 1.4 ദശലക്ഷം പേരും സ്ത്രീകളാണെന്നും അറിയിച്ചു. സ്വയം സഹായ സംഘങ്ങളിലേക്ക് സ്ത്രീകളെ അണിനിരത്തുന്നതും മാറ്റത്തിനുള്ള ശക്തിയാണെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, സ്വയം സഹായ സംഘങ്ങളും തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളും മഹാമാരിയുടെ സമയത്ത് നമ്മുടെ സമൂഹങ്ങള്‍ക്കു പിന്തുണയുടെ നെടുംതൂണുകളായി ഉയര്‍ന്നുവരികയാണെന്നും പറഞ്ഞു.
പ്രധാനമന്ത്രി അവരുടെ നേട്ടങ്ങളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുകയും മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും നിര്‍മ്മാണത്തെക്കുറിച്ചും അണുബാധ തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു. ‘ഇന്ത്യയിലെ നഴ്സുമാരിലും മിഡ്വൈഫുമാരിലും 80 ശതമാനവും സ്ത്രീകളാണ്. മഹാമാരിക്കാലത്തു ഞങ്ങളുടെ പ്രതിരോധത്തിന്റെ ആദ്യ നിര അവരായിരുന്നു. അവരുടെ നേട്ടങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, പിഎം മുദ്രാ യോജനയ്ക്ക് കീഴിലുള്ള മൈക്രോ ലെവല്‍ യൂണിറ്റുകളെ പിന്തുണയ്ക്കുന്നതിനായി ഒരു ദശലക്ഷം രൂപ വരെയുള്ള വായ്പകളില്‍ 70 ശതമാനവും സ്ത്രീകള്‍ക്കാണ് അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി.
അതുപോലെ, ഗ്രീന്‍ ഫീല്‍ഡ് പദ്ധതികള്‍ക്കായി ബാങ്ക് വായ്പ നേടുന്ന, സ്റ്റാന്‍ഡ്അപ്പ് ഇന്ത്യയുടെ 80% ഗുണഭോക്താക്കളും സ്ത്രീകളാണ്. സംശുദ്ധ പാചക ഇന്ധനം പരിസ്ഥിതിയെ നേരിട്ട് ബാധിക്കുകയും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, പിഎം ഉജ്വല എടുത്തുകാട്ടുകയും ഗ്രാമീണ വനിതകള്‍ക്ക് ഏകദേശം 100 ദശലക്ഷം പാചക വാതക കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. 2014 മുതല്‍ വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ സാങ്കേതിക വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും ഇന്ത്യയിലെ സ്റ്റെം (സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ്) ബിരുദധാരികളില്‍ 43 ശതമാനവും സ്ത്രീകളാണെന്നും ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരില്‍ നാലിലൊന്ന് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.
‘ചന്ദ്രയാന്‍, ഗഗന്യാന്, ചൊവ്വ ദൗത്യം തുടങ്ങിയ നമ്മുടെ അഭിമാനകരമായ പരിപാടികളുടെ വിജയത്തിന് പിന്നില്‍ ഈ വനിതാ ശാസ്ത്രജ്ഞരുടെ കഴിവും കഠിനാധ്വാനവുമുണ്ട്’ അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമയാനമേഖലയില്‍ ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്നും ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുമാരും യുദ്ധവിമാനങ്ങള്‍ പറത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സായുധ സേനകളെല്ലാം ഓപ്പറേഷന് റോളുകളിലും പോരാട്ട വേദികളിലും വനിതാ ഓഫീസര്‍മാരെ വിന്യസിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.
ഗ്രാമീണ കാര്‍ഷിക കുടുംബങ്ങളുടെ നട്ടെല്ല് എന്ന നിലയിലും ചെറുകിട കച്ചവടക്കാരായും കടയുടമകളായും സ്ത്രീകള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രകൃതിയുമായുള്ള അവരുടെ അടുത്ത ബന്ധത്തിന് അടിവരയിട്ട പ്രധാനമന്ത്രി, കാലാവസ്ഥാ വ്യതിയാനത്തിന് നൂതനമായ പരിഹാരങ്ങളുടെ താക്കോല്‍ സ്ത്രീകളുടെ പക്കലുണ്ടെന്നു ചൂണ്ടിക്കാട്ടി. 18ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ ബിഷ്ണോയി സമൂഹം അമൃതാദേവിയുടെ നേതൃത്വത്തില്‍ അനിയന്ത്രിതമായ മരംമുറിക്കല്‍ തടയാന്‍ ‘ചിപ്കോ പ്രസ്ഥാനം’ ആരംഭിച്ചതിലൂടെ, ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് സ്ത്രീകള്‍ നേതൃത്വം നല്‍കിയതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു.
മറ്റ് നിരവധി ഗ്രാമീണര്‍ക്കൊപ്പം അവര്‍ പ്രകൃതിക്ക് വേണ്ടി ജീവന് ത്യജിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയിലെ സ്ത്രീകള്‍ പരിസ്ഥിതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ‘മിഷന് ലൈഫി’ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്’ ഉപയോഗം കുറയ്ക്കല്‍, പുനരുപയോഗം, പുനഃചംക്രമണം, പുനരുല്‍പ്പാദനം എന്നിവയ്ക്കുള്ള അവരുടെ പരമ്പരാഗത ജ്ഞാനം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംരംഭങ്ങള്‍ക്ക് കീഴില്‍, സോളാര്‍ പാനലുകളും ലൈറ്റുകളും നിര്‍മ്മിക്കുന്നതില്‍ സ്ത്രീകള്‍ സജീവമായി പരിശീലനം നേടുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ സൗത്തിലെ പങ്കാളികളായ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വിജയിച്ച ‘സോളാര്‍ മാമാസ്’ സംരംഭത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.
‘വനിതാ സംരംഭകര്‍ ആഗോള സമ്പദ്വ്യവസ്ഥയില് നിര്‍ണായക സംഭാവന നല്‍കുന്നവരാണ്’ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പങ്കിന് ഊന്നല്‍ നല്കി പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1959ല്‍ മുംബൈയിലെ ഏഴ് ഗുജറാത്തി സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ചരിത്രപരമായ സഹകരണ പ്രസ്ഥാനമായ ശ്രീ മഹിളാ ഗൃഹ് ഉദ്യോഗിനു തുടക്കംകുറിച്ചു. ഇതു ദശലക്ഷക്കണക്കിന് സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ മാറ്റിമറിച്ചു. അവരുടെ ഏറ്റവും പ്രശസ്തമായ ഉല്‍പ്പന്നമായ ലിജ്ജത്ത് പപ്പടം മോദി ഉദാഹരണമാക്കി. ഇത് ഒരുപക്ഷേ, ഗുജറാത്തിലെ ഭക്ഷണക്രമത്തില്‍ ഉണ്ടായിരിക്കാമെന്നും പറഞ്ഞു.
ക്ഷീരമേഖലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗുജറാത്തില്‍ മാത്രം 3.6 ദശലക്ഷം സ്ത്രീകള്‍ ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കി. ഇന്ത്യയില്‍ ഏകദേശം 15% യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു വനിതാ സ്ഥാപകയെങ്കിലും ഉണ്ടെന്നും സ്ത്രീകള്‍ നയിക്കുന്ന യൂണികോണുകളുടെ മൊത്തം മൂല്യം 40 ബില്യണ്‍ ഡോളറിലധികം ആണെന്നും മോദി ചൂണ്ടിക്കാട്ടി. വനിതകള്‍ നേട്ടം കൈവരിക്കുന്നത് മാനദണ്ഡമാക്കുന്ന വേദി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നല്‍ നല്കി. വിപണികളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം, ആഗോള മൂല്യ ശൃംഖലകള്‍, താങ്ങാനാവുന്ന സാമ്പത്തികം എന്നിവയെ നിയന്ത്രിക്കുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ നാം പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം പരിചരണത്തിന്റെയും വീട്ടുജോലിയുടെയും ഭാരം ഉചിതമായി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.
പ്രസംഗം ഉപസംഹരിക്കവേ, മന്ത്രിതല സമ്മേളനത്തില്‍ വനിതാ സംരംഭകത്വം, നേതൃത്വം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുന്നതിനായി ‘ടെക്ഇക്വിറ്റി പ്ലാറ്റ്ഫോം’ ആരംഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ജി 20 അധ്യക്ഷതയ്ക്കു കീഴില്‍, ‘സ്ത്രീശാക്തീകരണ’ത്തിനായി പുതിയ കര്‍മസമിതി സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗാന്ധിനഗറിലെ അശ്രാന്ത പരിശ്രമങ്ങള്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: