കോയമ്പത്തൂര്‍ : കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ചന്ദനത്തടി കടത്താനുള്ള ശ്രമം തകര്‍ത്ത് കേരള പോലീസ്. മലപ്പുറം ജില്ലയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് 1051 കിലോ ചന്ദനം കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ചന്ദനക്കടത്ത് സംഘത്തെ കേരള പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തിങ്കളാഴ്ചയാണ് സംഭവം. മലപ്പുറത്തു നിന്നും കടത്തിയ ചന്ദനം തമിഴ്നാട്് ആറ്റൂരില്‍ നിന്നാണ് പോലീസ് പിടിച്ചത്. കേരളത്തില്‍ പരിശോധന നടത്തുന്നതിനിടെ ലോറി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ട് നിര്‍ത്താനും ആവശ്യപ്പെട്ടു. എന്നാല്‍ പോലീസിനെ വെട്ടിച്ച് കടന്ന ട്രക്ക് 150 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് എസ്‌ഐ ജെസിസ് ഉദയരാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
വാഹനം ഓടിച്ച പത്തനംതിട്ട സ്വദേശിയായ ഡ്രൈവര്‍ മനോജിനേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഡ്രൈവറുടെ ക്യാബിനിനോട് ചേര്‍ന്നുള്ള രഹസ്യ അറയില്‍ 57 ബാഗുകളിലായി പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് പോലീസ് ചന്ദനം കണ്ടെടുത്തത്. പിടികൂടിയ ചന്ദനം കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറി.
ഓരോ ബാഗിലെയും ചന്ദനത്തടിയുടെ ഗുണനിലവാരത്തില്‍ വ്യത്യാസമുണ്ടാകും. അതിനാല്‍ ചരക്കിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് ഡിഎഫ്ഒ എന്‍. ജയരാജ് അറിയിച്ചു. ചന്ദനം അടങ്ങിയട്രക്ക് ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന ജോലി മാത്രമാണ് തനിക്കുള്ളതെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ആര്‍ക്കാണ് ചന്ദനം കൊണ്ടുപോയതെന്നും പിന്നില്‍ ആരൊക്കെയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: