മുന്‍കൂട്ടി പ്രഖ്യാപിച്ച വിടവാങ്ങല്‍ മത്സരങ്ങള്‍ പല കായിക മത്സരങ്ങളിലും പലവട്ടം കണ്ടിട്ടുണ്ട്. അവയില്‍ മിക്കതും താരത്തിന്റെ പ്രതാപകാലത്തെ ഓര്‍ത്ത് ആരാധകര്‍ക്ക് നെടുവീര്‍പ്പിടാനുള്ള സങ്കടക്കാഴ്ചകളാകും. അവയില്‍ ചിലതെല്ലാം വ്യക്തിഗത പ്രകടനം മറന്ന് ടീമിന്റെ ജയത്തില്‍ ആശ്വാസം കണ്ടെത്തുന്ന താരത്തെയും ആരാധകരെയും കായിക ലോകം നിരവധി തവണ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ വ്യക്തിഗത പ്രകടനം നന്നാവും ടീം തോല്വിയിലുമാകും, അതും ആരാധകരെ തൃപ്തിപ്പെടുത്താന്‍ വകയില്ലാത്ത അവസാനമാകും. മറ്റ് ചിലരുണ്ട് നല്ലപ്പോഴേ കളി നിര്‍ത്തി ഇനിയൊരു വിടവാങ്ങലില്ലെന്ന് അറിയിച്ച് വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ തടി കഴിച്ചിലാക്കും.
പക്ഷെ കെന്നിങ്ടണ്‍ നഗരത്തിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച ഇരിപ്പുറപ്പിച്ച ഇംഗ്ലണ്ടിന്റെ ആരാധകര്‍ക്കും സര്‍വോപരി ലോക ക്രിക്കറ്റ് പ്രേമികള്‍ക്കും സംതൃപ്തമാകുന്ന കാഴ്ച സമ്മാനിച്ചാണ് സ്റ്റുവര്‍ട്ട് ബ്രോഡ് വിടവാങ്ങിയത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരില്‍ ഒരാള്‍ സമ്മാനിച്ച സ്റ്റൈലന്‍ ഫിനിഷ്.
ഉദ്യേഗ ജനകമായിരുന്നു ആഷസ് ടെസ്റ്റിന്റെ ഇത്തവണത്തെ ക്ലൈമാക്സ്. അവസാന ദിവസം 249 റണ്‍സ് മതിയായിരുന്നു ഓസ്ട്രേലിയക്ക് ജയിക്കാന്‍. ഓസീസ് ബാറ്റര്‍മാര്‍ പൊരുതി. ഇംഗ്ലണ്ട് ബോളര്‍മാരും പൊരുതി. ഇടയ്ക്ക് മഴയും ആവശ്യത്തിന് പൊരുതി. ഒടുവില്‍ മഴമാറി അന്തരീക്ഷം തെളിഞ്ഞു നിന്നു. ഗ്രൗണ്ട് സ്റ്റാഫുകള്‍ ഓവലിലെ നനഞ്ഞ ഓട്ട്ഫീല്ഡുകള് അതിവേഗം കളിയോഗ്യമാക്കി. ശക്തമായി നിന്ന ഓസ്ട്രേലിയ കളി പുനഃരാരംഭിച്ചു. എതിരെ ഇംഗ്ലണ്ടും എറിഞ്ഞു തുടങ്ങി. ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 294 എന്ന നിലയിലായി. പിന്നെ വേണ്ടിയിരുന്നത് 90 റണ്‍സ് കൈയ്യിലുള്ളത് രണ്ട് വിക്കറ്റ്.
ലക്ഷ്യം നേടാനായില്ലെങ്കില്‍ ഏതാനും ഓവറുകള്‍ കൂടി വിക്കറ്റ് കളായാതെ ചെറുത്തുനിന്ന് ഓസീസിന് മത്സരം സമനിലയിലാക്കാം. അതുവഴി പരമ്പര പിടിച്ചടക്കുകയും ചെയ്യാം. ഒരുവശത്ത് ഒരുവിധം ബാറ്റ് ചെയ്യുന്ന അലക്സ് കാരേ. മറുവശത്ത് ടോഡ് മര്‍ഫി. ഇരുവരുടെയും ചെറുത്തു നില്‍പ്പ് അപകടം മണത്തു തുടങ്ങിയപ്പോളാണ് ഇംഗ്ലണ്ട് നായകന് വിരമിക്കാനിരിക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെ പന്ത് ഏല്‍പ്പിച്ചത്.
ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ കാരേ-മര്‍ഫി സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോള്‍ ബ്രോഡ് തന്റെ കരിയറിനോട് നീതിപുലര്‍ത്തി. മര്‍ഫിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച് ഓസീസിന് പ്രഹരമേല്‍പ്പിച്ചു. ഓസീസ് അപകടം മണത്തു. വാലറ്റക്കാരന് ജോഷ് ഹെയ്സല്‍ വുഡിനെ കൂട്ടുപിടിച്ച് അലക്സ് കാരെ ഓസീസ് ശ്വാസം നീട്ടിയെടുക്കാന്‍ ആവുന്നതും ശ്രമിച്ചു. ഇന്നിങ്സിലെ 95-ാം ഓവര്‍ എറിഞ്ഞ ബ്രോഡിന്റെ നാലാം പന്ത് മകിച്ചൊരു ലെങ്ത് ഡെളിവറി ആയി അലക്സ് കാരേയ്ക്ക് മുന്നിലേക്ക്. പന്ത് അല്പമൊന്ന് ദിശ തെറ്റിയതോടെ കാരെ എന്ന ശരാശരി ബാറ്ററുടെ കണക്കുകൂട്ടല്‍ പിഴച്ചു. പന്ത് ബാറ്റില്‍ എഡ്ജ് ചെയ്ത് പിന്നിലേക്ക്. ബെയര്‍ സ്റ്റോ പന്ത് കൈക്കലാക്കി. ബ്രോഡ് ഇംഗ്ലണ്ടിന് വിജയവിക്കറ്റ് സമ്മാനിച്ചുകൊണ്ട്, ഇംഗ്ലണ്ടിന് പരമ്പര സമനില നേടിക്കൊടത്തുകൊണ്ട്, ഇംഗ്ലണ്ടിന് ആഷസ് ടൈറ്റില്‍ നിലനിര്‍ത്താന്‍ അവസരമൊരിക്കിക്കൊണ്ട് കരിയര്‍ അവസാനിപ്പിച്ചു. ലോകത്ത് ഏതൊരു കായികതാരവും കൊതിക്കുന്ന വിടവാങ്ങല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: