കാസര്‍കോട്: അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്. ക്വാര്‍ട്ടേഴ്സ് ഉടമകളും വീട്ടുടമകളും അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പെടെയുള്ള വ്യക്തമായ രേഖകള്‍ പോലീസില്‍ സമര്‍പ്പിക്കണമെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍ അറിയിച്ചു. ഇത്തരം രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ വീട്ടുടമസ്ഥരും പ്രതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആലുവയിലുണ്ടായ അഞ്ചുവയസുകാരിയുടെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അറിയിപ്പ്. നിരവധി കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ മോഷണം മുതല്‍ പീഡനം, കവര്‍ച്ച, പിടിച്ചുപറി, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയിലും ഇവര്‍ പങ്കാളിയാവുന്നുണ്ടെന്നും കാസര്‍കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഏതാണ്ട് രണ്ടായിരത്തോളം അതിഥി തൊഴിലാളികള്‍ താമസിക്കുന്നത്.
പലരും യാതൊരു രേഖകളും ഇല്ലാതെയാണ് ഇവിടെ കഴിയുന്നത്. അതിഥി തൊഴിലാളികള്‍ നാടിന്റെ വികസനത്തില്‍ പങ്കാളികള്‍ ആണെങ്കിലും പല വിധ കുറ്റകൃത്യങ്ങളിലും പലരും പങ്കാളിയാവുന്നുണ്ട്.
പല കേസുകളിലും ഇത്തരക്കാരെ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇപ്പോള്‍ പലയിടങ്ങളിലും താമസിക്കുന്നവര്‍ ഒരു രേഖയുമില്ലാതെയാണ് കഴിയുന്നത്. ഇത്തരം സാഹചര്യം വെച്ച് പൊറുപ്പിക്കാന്‍ കഴിയില്ല. അതിഥിതൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായാല്‍ വ്യക്തമായ രേഖകള്‍ ശേഖരിക്കാതെ താമസിപ്പിക്കുന്ന വീട്ടുടമസ്ഥരെയും കേസുകളില്‍ പ്രതിയാക്കാനുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മനസിലാക്കി അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ രേഖകള്‍ ശേഖരിക്കുകയും അവ പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കാന്‍ തയ്യാറാവുകയും വേണം. ഇത് ഒരു മുന്നറിയിപ്പ് എന്ന നിലക്കല്ലാതെ ഒരു അവബോധം എന്ന നിലയില്‍ കണ്ട് സഹകരിക്കണമെന്നും ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എല്ലാവരും ഈ നടപടിയുമായി സഹകരിക്കണമെന്നും പി.അജിത്ത് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: