മുണ്ടക്കയം: കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും നല്കുന്ന തെങ്ങിന് തൈകളും ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളും കൃഷി ആഫീസില്‍ കെട്ടി കിടന്നു നശിക്കുന്നത്.
മുണ്ടക്കയം കൃഷി ഭവനില്‍ ഒരുമാസം മുമ്പ് എത്തിയ ആയിരത്തിലധികം നാടന്‍ തെങ്ങിന് തൈകളും നൂറുകണക്കിനു ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളുമാണ് വാങ്ങാനാളില്ലാതെ നശിക്കുന്നത്. മുന്‍കാലങ്ങളില്‍ വിത്തുകള്‍ വന്നാലുടന്‍ ഇതു വാങ്ങാന്‍ കര്‍ഷകരുടെ ക്യൂവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷി വകുപ്പു ജീവനക്കാര്‍ ആവശ്യമായ പ്രചാരണം നടത്തിയിട്ടും വാങ്ങാന്‍ കര്ഷകരെത്താത്തത് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.
വിത്ത് ഒന്നിന് അന്‍പത് രൂപ നിരക്കില്‍ കോഴയിലെ സര്‍ക്കാര്‍ ഫാമില്‍ നിന്നാണ് തെങ്ങും തൈകള്‍ വാങ്ങുന്നത്. ഇത് പലപ്പോഴും ജീവനക്കാരുടെ പോക്കറ്റില്‍ നിന്നും എടുത്താണ് വിത്തുകള്‍ വാങ്ങുന്നത്. എന്നാല്‍ ഇതു വിറ്റഴിയാതെ വരുന്നതോടെ ബുദ്ധിമുട്ടിലാവുന്നത് ഉദ്യോഗസ്ഥരാണ്. ആയിരം മുതല്‍ 2000 വരെ തൈകളാണ് ഓരോ തവണയും ഇവിടെ ഇറക്കി കൊണ്ടിരുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും ഇവിടെ ഇറക്കിയ തൈകള്‍ ഭൂരിഭാഗവും കര്‍ഷകര്‍ വാങ്ങാതെ മുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.പന്നിയുടെ അക്രമം മൂലം കൃഷി നഷ്ടപ്പെടുന്നതിനാലാണ് തൈകള്‍ വാങ്ങാത്തതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ സര്‍ക്കാര്‍ നല്കുന്ന വിത്തുകള്‍ വളര്‍ന്നു കായിക്കുന്നതിന് ഏഴുവര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
കൊണ്ടുവരുന്ന ലോഡ് ഇവിടെ എത്തുമ്പോള്‍ ഇറക്കു കൂലി ഇനത്തില്‍ 7500 രൂപ ചെലവു വരും. ഇതെല്ലാം നഷ്ടപ്പെടുത്തിയാണ് കര്‍ഷകനെ കാത്തിരിക്കുന്നതെങ്കിലും വാങ്ങാനാളില്ലാതെ വലയുകയാണ്. ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളുടെ കാര്യത്തില്‍ തെങ്ങിനെ അപേക്ഷിച്ചു വ്യത്യാസമുണ്ടെങ്കിലും ഒച്ചു വേഗത തന്നെയാണ് ഇതിന്റെയും അവസ്ഥ. വില്‍പ്പന നടക്കാത്ത തെങ്ങും വാഴയുമൊന്നും സര്‍ക്കാര്‍ തിരികെ എടുക്കാത്തതിനാല്‍ കൃഷി ഭവന് വളപ്പില്‍ കിടന്നു നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: