ടൊറന്റോ: ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കുമെന്ന ഭീഷണിക്ക് പിന്നാലെ കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഇന്ത്യയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ പോസ്റ്റര്‍ പ്രചാരണവുമായി രംഗത്ത്.
‘വാണ്ടഡ്’ എന്ന വാക്കോടുകൂടിയ പുതിയ പോസ്റ്ററുകള്‍ സറേ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്. നേരത്തെ ‘കില്‍ ഇന്ത്യ’ പോസ്റ്ററുകള്‍ പോലെ, വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകള്‍ ഉപയോഗിച്ച് പ്രചരണം കൊഴുക്കുകയാണ്.
ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന ഇന്ത്യാ വിരുദ്ധ ഗ്രൂപ്പിന്റെ തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പോസറ്ററുകളും പ്രചരിക്കുന്നുണ്ട്. കൊലപാതകം അന്വേഷിക്കുന്ന ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല.
ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ, വാന്‍കൂവര്‍, ടൊറന്റോ കോണ്‍സല്‍ ജനറല്‍മാര്‍ എന്നിവര്‍ക്കെതിരെ ആക്ഷേപം ചൊരിയുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ജൂലൈയില്‍ ജക്കാര്‍ത്തയില്‍ നടന്ന തെക്ക് കിഴക്കന്‍ രാജ്യങ്ങളുടെ (ആസിയാന്‍) യോഗത്തില്‍ കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി കൂടിക്കണ്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: