കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസഫാക് ആലം 10 ദിവസം പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദത്തെ എറണാകുളത്തെ പ്രത്യേക പോക്സോ കോടതി അംഗീകരിക്കുകയായിരുന്നു.
ഇന്നുമുതല്‍ തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രതിയുടെ ക്രമിനില്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി അന്വേഷണ സംഘം വരും ദിവസങ്ങളില്‍ ബിഹാറില്‍ അടക്കം പോകും. അതേസമയം ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ചതിനെ കോടതി ശക്തമായി വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും വ്യക്തമാക്കി.
പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിപ്പിച്ച ശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നതിലെ യുക്തി എന്താണെന്നും കോടതി ആരാഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. മനഃസാക്ഷിയെ നടുക്കിയ സംഭവത്തിനാണ് കേരളം പിന്നീട് സാക്ഷിയായത്. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിലെ ചെളിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്ത്. മൃതദേഹം ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: