കൊച്ചി : ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാഖ് ആലം മറ്റൊരു പോക്‌സോ കേസില്‍ കൂടി പ്രതി. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയാണ് ഇയാളെന്നും വെളിപ്പെടുത്തല്‍. എറണാകുളം റൂറല്‍ എസ്പിയാണ് ഇതുസംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ പുറത്തുവിട്ടിരിക്കുന്നത്.
ദല്‍ഹിയില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇയാള്‍ക്കെതിരായ കേസ്. 2018ല്‍ ഇയാളെ ഗാസിപൂര്‍ പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. ഒരുമാസം തടവില്‍ കഴിഞ്ഞശേഷം ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതാണ്. മറ്റ് ഏതെങ്കിലും സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും അസ്ഫാഖിന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
അതിനിടെ ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. കേസിലെ മൂന്ന് സാക്ഷികളെ ആലുവ സബ്ജയിലില്‍വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി കേസിലെ പ്രധാന സാക്ഷി താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ കൂടാതെ അസ്ഫാക്ക് കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടര്‍, ഇതിലുണ്ടായിരുന്ന യാത്രക്കാരി എന്നിവരാണ് മറ്റ് രണ്ട് സാക്ഷികള്‍.
കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നിങ്ങനെ 9 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. അസഫാഖിനെ നിലവില്‍ 14 ദിവസത്തേയക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോള്‍ ഉള്ളത്. അസഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നത്. കുട്ടിയുടെ ശരീരത്തില്‍ ഗുരുതര മുറിവുകളാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: