വെല്ലിങ്ടണ്‍: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളില്‍ അത്യുഗ്രന്‍ പ്രകടനവുമായി ഏഷ്യന്‍ കരുത്തരായ ജപ്പാനും ഓസ്ട്രേലിയയും. ഇരു ടീമുകളും ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഇന്നലെ നടന്ന ഗ്രൂപ്പ് സി പോരാട്ടത്തില്‍ കരുത്തരായ സ്പെയിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജപ്പാന് തകര്‍ത്തു. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ഒരു ഗോളും നേടി.
മത്സരത്തില്‍ 78 ശതമാനം പന്തടക്കത്തോടെയാണ് സ്പെയിന് കളിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പ് ഫുട്ബോളില്‍ ജപ്പാന് ടീം കളിച്ച അതേ കളിയാണ് വനിതാ ടീമും കളിച്ചത്. പ്രതിരോധം ശക്തിപ്പെടുത്തി കിട്ടുന്ന അവസരങ്ങളില്‍ തുളച്ചുകയറുന്നതായിരുന്നു ശൈലി. അത് ഇന്നലെ വിജയകരമായി പരീക്ഷിച്ചപ്പോള്‍ സ്പാനിഷ് പട ആടിയുലഞ്ഞു. ജപ്പാനെക്കാള്‍ ഗോള്‍ശ്രമങ്ങള്‍ നടത്തിയത് സ്പെയിനാണ്. പത്തെണ്ണം, എന്നിട്ടും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. കളിയിലുടനീളം രണ്ട് ഓണ്‍ടാര്‍ജറ്റ് ഷോട്ടുകളാണുതിര്‍ത്തത്.
ഹിനാറ്റ മിയാസാവ ജപ്പാന് വേണ്ടി ഇരട്ടഗോള്‍ നേടി. 12-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ച താരം 40-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി. ഇതിനിടയ്ക്ക് 29-ാം മിനിറ്റില്‍ റികോ യുവേക്കി ഗോളടിച്ചു. നാലാം ഗോള്‍ 83-ാം മിനിറ്റില്‍ മിനാ ടനാകാ വകയായിരുന്നു. എല്ലാ മത്സരങ്ങളും ജയിച്ചാണ് ജപ്പാന്റെ കുതിപ്പ്. രണ്ട് ജയവുമായി ആറ് പോയിന്റോടെ സ്പെയിന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി.
ജപ്പാന്റെ അതേശൈലിയില്‍ കളിച്ചാണ് ഇന്നലെ ഓസ്ട്രേലിയ കാനഡയെ ഞെട്ടിച്ചത്. അതും എതിരില്ലാത്ത നാല് ഗോളിന് തന്നെ ജയിച്ചു. കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിച്ച കാനഡയ്ക്കെതിരെ പതിയിരുന്ന് ആക്രമിച്ച് നാല് ഗോളുകള്‍ ആതിഥേയരായ ഓസ്ട്രേലിയ നേടി.
ഒമ്പതാം മിനിറ്റിലും 39-ാം മിനിറ്റിലും സ്കോര്‍ ചെയ്തുകൊണ്ട് ഇരട്ട ഗോള്‍ തികച്ച ഹയ്ലി റാസോയുടെ മികവില്‍ ആദ്യപകുതിയില്‍ ടീം എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ മേരി ഫവഌറും 90+4 മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റെഫാനി കാറ്റ്ലിയും ഓസ്ട്രേലിയക്കായി ഗോളടിച്ചു.
ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡുമായി ഗോളില്ലാ സമനില പിടിച്ച നൈജീരിയ ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ആറ് പോയിന്റ് നേടിയ ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ട് സമനിലയും ഒരു വിജയവും അടക്കം അഞ്ച് പോയിന്റുമായാണ് നൈജീര്യയുടെ കരുത്തന് മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: