ഠാണെ(മഹാരാഷ്ട്ര): അന്നം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപ്പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും പ്രതിഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ഠാണെ മുനിസിപ്പാലിറ്റി സ്ഥാപിക്കുന്ന ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെയും ത്രിമന്ദിര്‍ കോംപ്ലക്സിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണം സാധാരണക്കാരന് താങ്ങാനാവുന്നതും എളുപ്പത്തില്‍ ലഭിക്കുന്നതുമാകണം. ഇത് മംഗളകാര്യമാണ്. മറ്റുള്ളവരുടെ ദുഃഖം സ്വന്തമെന്ന് കരുതി ചെയ്യുന്ന സത്കര്‍മം. ഏകാന്തതയില്‍ ആത്മീയ സാധനയും ലോകരുടെ ഇടയില്‍ സേവാസാധനയും ചെയ്യണം. ആരോഗ്യപരിരക്ഷ അതുകൊണ്ടുതന്നെ ശിവസേവയായി ചെയ്യണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ആരോഗ്യപൂര്‍ണമായ രാഷ്ട്രം, വിദ്യാസമ്പന്നരായ ജനത എന്നീ ലക്ഷ്യം മുന്നില്‍ വച്ച് എല്ലാ പൊതുപ്രവര്‍ത്തകരും പ്രവര്‍ത്തിക്കണം. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ വിശ്വഗുരു പദത്തില്‍ പ്രതിഷ്ഠിക്കുന്നതിന് പിന്നാക്കം നില്ക്കുന്ന എല്ലാ മേഖലയിലും നമുക്ക് മുന്നേറേണ്ടതുണ്ട്. ഏതെങ്കിലും ഒരു ഭാഗമോ വിഭാഗമോ മാത്രമല്ല എല്ലാവരും എല്ലായിടവും പുരോഗമിക്കണം. കൊവിഡ് കാലത്ത് ഭാരതം ലോകത്തിന് വഴികാട്ടിയായത് നിസ്വാര്‍ത്ഥവും ഒറ്റക്കെട്ടായുമുള്ള പരിശ്രമം കൊണ്ടാണ്. മറ്റ് രാജ്യങ്ങള്‍ തകരുകയും പരസ്പരം കൊള്ളയടിക്കുകയും ചെയ്തപ്പോള്‍ ഇവിടെ അതുണ്ടായില്ല. അതേ ഒരുമ രാഷ്ട്രത്തിന്റെ മുന്നേറ്റത്തിലും നമുക്ക് നിലനിര്‍ത്താനാകണമെന്ന് സര്‍സംഘചാലക് പറഞ്ഞു. ഐക്യം നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
സ്വാതന്ത്ര്യം നേടി എഴുപത്തഞ്ചാണ്ട് പിന്നിട്ടിട്ടും ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും വേണ്ടി കിടപ്പാടം പണയപ്പെടുത്തേണ്ട സാഹചര്യം ജനങ്ങള്‍ക്കുണ്ടാകുന്നത് ദുസ്സഹമാണ്. ഇക്കാര്യങ്ങളില്‍ അപര്യാപ്തത നിലനില്‍ക്കെ സ്വാതന്ത്ര്യം എന്ന പദം തന്നെ അര്‍ത്ഥശൂന്യമാണ്. സ്വതന്ത്രഭാരതം നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വയംപര്യാപ്തഭാരതമാകണമെന്നത് ഓരോ പൗരന്റെയും ലക്ഷ്യമാകണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ദാദാ ഭഗവാന് ഫൗണ്ടേഷന്റെ ദീപക് ദേശായി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍, ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ ഡോ. ശൈലേഷ് ശ്രീഖണ്ഡേ, ഠാണെ മുനിസിപ്പല്‍ കമ്മിഷണര്‍ അഭിജിത് ബംഗാര്‍, ജിറ്റോ ഫൗണ്ടേഷന് ട്രസ്റ്റി അജയ് അഷര്‍ തുടങ്ങിയവരും പങ്കെടുത്തു. ജിറ്റോ എജ്യുക്കേഷണല്‍ ആന്‍ഡ് മെഡിക്കല്‍ ട്രസ്റ്റ്, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് താനെയിലെ ബല്‍കം ഏരിയയില്‍ 600 കിടക്കകളുള്ള ക്യാന്‍സര്‍ ആശുപത്രി മുനിസിപ്പാലിറ്റി നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: