ന്യൂദല്‍ഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ചയും തടസപ്പെട്ടു.ആദ്യ പിരിഞ്ഞതിന് ശേഷം ഉച്ചയ്‌ക്ക് 2 മണിക്ക് ലോക്സഭ വീണ്ടും സമ്മേളിച്ചപ്പോള്‍, കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ടിഎംസി എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് വീണ്ടും നടുത്തളത്തിലിറങ്ങി.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബഹളത്തിനിടയില്‍, പാര്‍ലമെന്റ് ഹ്രസ്വ ചര്‍ച്ചയ്‌ക്ക് ശേഷം സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്‍, 2023 പാസാക്കി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതതായി പ്രഖ്യാപിച്ചു. നേരത്തെ, സഭ സമ്മേളിച്ചപ്പോഴും സമാനമായ രംഗങ്ങള്‍ ആയിരുന്നു.
രാജ്യസഭയില്‍, നാലു തവണ നിര്‍ത്തി വച്ച ശേഷം 3:30 ന് വീണ്ടും സമ്മേളിച്ചപ്പോള്‍, കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അത് അടിയന്തരമായി പരിഗണിക്കണമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷം സഭയില്‍ ബഹളം തുടര്‍ന്നു. തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. നേരത്തെ, മൂന്ന് തവണ നിര്‍ത്തി വച്ച ശേഷം 2:30 ന് സഭ സമ്മേളിച്ചപ്പോള്‍, കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഭരണപക്ഷവും എതിര്‍ മുദ്രാവാക്യം വിളിച്ചു. ബഹളത്തിനിടയില്‍, മണിപ്പൂര്‍ അക്രമ വിഷയത്തില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ഹ്രസ്വ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാ കാര്യങ്ങളും ഉടനടി നിര്‍ത്തിവച്ച് ചട്ടം 267 പ്രകാരം ചര്‍ച്ച നടത്തണമെന്ന ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: