തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാരനിര്‍ണയ ഘട്ടത്തില്‍ ജൂറി അംഗം പോലുമല്ലാത്ത അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് സംഗീത സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ എം. ജയചന്ദ്രന്‍. സംഗീതമേഖലയില്‍ തനിക്കെതിരെ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നത് സംവിധായകന്‍ വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച അറിവ് മാത്രമേ തനിക്കുള്ളൂ. സത്യം ജയിക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ജയചന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോബികാരണം ഇഷ്ടംപോലെ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കപ്പെട്ടു. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ടു. പക്ഷേ ഈശ്വരന്റെ ലോബി ഒപ്പമുണ്ട് എന്നതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഒറ്റയ്‌ക്ക് നടക്കുന്ന വ്യക്തിയാണ് താന്‍, മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഓരോ നിമിഷവും ഞാന്‍ എന്നെ തന്നെ വെല്ലുവിളിച്ച് ഹിറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണം. സിനിമയുടെ കമേഴ്‌സ്യല്‍ മൂല്യത്തെക്കാളും സംഗീതത്തെ ഒരു കലയായി കണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സിനിമകളിലേക്ക് എനിക്കുള്ള ക്ഷണം അത്ര എളുപ്പമല്ല.
പക്ഷേ എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ ഞാന്‍ നടക്കും. സിനിമ സംഗീതമേഖലയില്‍ സമാനതയില്ലാത്ത ഒരാളായി മാറണമെന്ന ആഗ്രഹത്തിനൊപ്പമാണ് സഞ്ചരിക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: