ചാരുംമൂട്: ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നു സമ്മതിപ്പിക്കാന്‍വേണ്ടി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിരയായ അഫ്സാന (25) പോലീസിനെതിരെ നിയമ നടപടിക്ക്. ഞായറാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ഇവര്‍ ജയില്‍ മോചിതയായി നൂറനാട്ടെ വീട്ടിലെത്തിയത്. കൊന്ന് കുഴിച്ച് മൂടിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഫ്സാന ജയില്‍ മോചിതയായത്.നൂറനാട് പണയില്‍ അഫ്സാന മന്‍സിലില്‍ അലി ഷംസുദ്ദീന്‍ – ഷീജ ദമ്പതികളുടെ മകളാണ്. 2017 ഫെബ്രുവരിയിലാണ് പത്തനാപുരം പറക്കോട് പാടം വണ്ടാന്നി പടീറ്റതില്‍ നൗഷാദുമായിവിവാഹം നടന്നത്.
നൗഷാദിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയിട്ടും ഇതിന്റെ പേരില്‍ മിക്ക ദിവസങ്ങളിലും നൗഷാദ് മദ്യപിച്ചെത്തി വഴക്കുകൂടാറുണ്ടായിരുന്നു. കാണാതാകുന്നതിന്റെ തലേ ദിവസം എന്നെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും ഉപദ്രവിച്ചിരുന്നു. അന്ന് ഞാന്‍ എനിഇങ്ങോട്ടു വരില്ലന്ന് പറഞ്ഞിട്ടാണ് പോയതെന്നും അഫ്സാന പറയുന്നു.ഭര്‍ത്താവിനെ കാണനില്ലന്ന പരാതി പോലീസ് സ്റ്റേഷനില്‍ കൊടുത്തിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയുവാന്‍ അഫ്സാന ഫോണ്‍ മുഖേന സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇയാളെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞിരുന്നതായും അഫ്സാന ജന്മഭൂമിയോട് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇളയ കുഞ്ഞിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കു വേണ്ടി കൊണ്ടുപോകവെ നൗഷാദിന്റെ മുഖഛായയുള്ള ഒരാളെ കാണുകയും ഈ വിവരം സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയുമായിരുന്നു. ബുധനാഴ്ച സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട്ടു പോയിരുന്ന ഡ്രൈവറായ അച്ചനെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ ചെന്നു. തുടര്‍ന്ന് പോലീസ് അഫ്സാനയെ ചോദ്യം ചെയ്യുകയും അതിക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.പലപ്പോഴായി മുളകുപൊടി ലായനി സ്‌പ്രേ വായില്‍ അടിച്ച് പീഡിപ്പിച്ചതായും വനിതാ പോലീസിനെ കൊണ്ടു ദേഹോപദ്രവം നടത്തിയതായും ഇവര്‍ പറഞ്ഞു.
പോലീസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പിന്നെയുള്ള സംഭവ വികാസങ്ങള്‍. പോലീസ് പറഞ്ഞു പഠിപ്പിച്ചത് ഏറ്റുപറയുന്ന ജോലി മാത്രമാണ് താന്‍ ചെയ്തത്. ജയില്‍ മോചിതയായി വീട്ടില്‍ തിരിച്ചെത്തിയ അഫ്സാനക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കണ്ട് തിങ്കളാഴ്ച നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: