കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്ന വാദത്തില്‍ മാപ്പപേക്ഷയുമായി രേവത് ബാബു. ഫേസ്ബുക്ക് വീഡിയോയയിലൂടെയാണ് മാപ്പപേക്ഷ. തെറ്റ് പറ്റിയെന്നും വായില്‍ നിന്ന് അറിയാതെ വന്ന് പോയ വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും യുവാവ് പറഞ്ഞു. കുട്ടി ഹിന്ദിക്കാരിയായത് കൊണ്ട് പൂജാരിമാര്‍ അന്ത്യകര്‍മ്മം ചെയ്യാന്‍ തയ്യാറായില്ലെന്ന രേവതിന്റെ വാദം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
നിരവധി പേര് ഹിന്ദുമതത്തിനെതിരായ അധിക്ഷേപ പ്രചരണങ്ങള്‍ക്കുള്ള ആയുധമായി ഇതിനെ മാറ്റിയിരുന്നു. വിവാദമായതോടെയാണ് സംഭവത്തില്‍ വ്യക്തത വരുത്തി രേവത് രംഗത്തെത്തിയിരിക്കുന്നത്. എത്രയോ കാലങ്ങള്‍ പൂജ പഠിച്ച്,പൂജാരിയാവാന്‍ എത്രയോ ത്യാഗം ചെയ്ത് കൊണ്ടാണ് ഒരാള്‍ പൂജാരിയാവുന്നത്. ആ പൂജാരി സമൂഹത്തെ ഞാന്‍ അടച്ചാക്ഷേപിച്ചിട്ടാണ് ഇന്നലെ വായില്‍ നിന്ന് വീണ് പോയ തെറ്റ് ഉണ്ടായത്. ഇതില്‍ ക്ഷമ ചോദിക്കുകയാണെന്ന് രേവത് പറഞ്ഞു.
ഇന്നലെ നടത്തിയ പ്രതികരണം പൂജാരി സമുദായത്തോട് ചെയ്ത വലിയ തെറ്റാണെന്നും മാപ്പ് ചോദിക്കുകയാണെന്നും യുവാവ് പറഞ്ഞു. ഇന്നലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടം പോയി തൃശൂരിലേക്ക് പോകും വഴിയാണ് ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ കയറിയത്. വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നിട്ടില്ലെന്നും രാവിലയേ കൊണ്ടുവരികയുള്ളൂവെന്നും അറിഞ്ഞു. കുട്ടിയെ ഒരു നോക്ക് കാണാനായി കാത്തിരിക്കാന്‍ തീരുമാനിച്ചു. ഈ സമയം കുട്ടിയുടെ അച്ഛനാണ് തന്റെ മകളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരു പൂജാരിയെ വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് രേവതിന്റെ വാദം. എന്നാല്‍, ഹിന്ദിക്കാരിയായതിനാല്‍ പൂജാരിമാര്‍ അന്ത്യകര്‍മം ചെച്ചാന്‍ തയാറായില്ലെന്നായിരുന്നു രേവത് ആദ്യം പറഞ്ഞത്. സംഭവത്തില്‍ ഇന്നലെ രാത്രി തന്നെ സ്ഥലം എംഎല്‍എയായിരുന്ന അന്‍വര്‍ സാദത്തും പ്രതികരിച്ചിരുന്നു. സംസ്കാര കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് രേവത് ബാബു സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്നും അയാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞത് എന്നാണ് എംഎല്‍എ പറയുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരാള്‍ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അന്‍വര്‍ സാദത്ത് വിശദീകരിച്ചിരുന്നു.
നേരത്തെ അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാല്‍ എത്തിക്കാന്‍ വേണ്ടി നടപ്പ് സമരം നടത്തി ശ്രദ്ധേയനാകാന്‍ ശ്രമിച്ച ആളാണ് രേവത്. കലാഭവന്‍ മണി നല്കിയ ഓട്ടോ മണിയുടെ കുടുംബക്കാര് തിരിച്ചു വാങ്ങിയെന്ന് പറഞ്ഞ രേവത് പിന്നീട് അതും മാറ്റിപറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: