ആഗോളതലത്തില്‍ ഇന്ന് മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഏകീകൃത സിവില്‍ നിയമം നിലവില്‍ വന്നു. സമൂഹത്തിന്റെ ബഹുസ്വരതയില്‍ നിന്നുയര്‍ന്നുവന്ന സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ ലഘൂകരിക്കുവാന്‍ അതിന്റെ ഫലമായി ഈ രാജ്യങ്ങള്‍ക്ക് കഴിയുകയും ചെയ്തു. എന്നാല്‍ സാമൂഹ്യവൈവിധ്യവും സംഘര്‍ഷങ്ങളും ധാരാളം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുപോലും എന്തുകൊണ്ട് ഏക വ്യക്തിനിയമം ഇത്രയും വര്‍ഷമായിട്ടും നടപ്പിലാക്കിയില്ല എന്നത് ഒരു പ്രധാന ചോദ്യമാണ്. മാത്രമല്ല, ലോകത്തിന്റെ ഒന്‍പതുശതമാനത്തോളം സ്ത്രീകള്‍ അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. വളരുന്ന, ഉത്തരവാദിത്തപ്പെട്ടൊരു ആഗോള ശക്തിയെന്ന നിലയില്‍ എല്ലാ ജനങ്ങളുടെയും പ്രത്യേകിച്ചു സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട കടമ ഭാരതത്തിനുണ്ട്. ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനം ആഗോള സ്ത്രീശാക്തീകരണത്തെ ബഹുദൂരം മുന്നിലെത്തിക്കും. അതുകൊണ്ടു തന്നെ, ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായുള്ള ഭരണഘടനാ ബാധ്യതകള്‍ക്കൊപ്പം അന്താരാഷ്‌ട്ര നിയമങ്ങളും ഉടമ്പടികളും പിന്തുടരേണ്ട ഉത്തരവാദിത്വവും ആഗോള സമൂഹത്തിന്റെ ഭാഗമായ ഭാരതത്തിനുണ്ട്.
അന്തര്‍ദേശിയ നിയമങ്ങള്‍
ഐക്യരാഷ്‌ട്രസഭയുടെ കണക്കു പ്രകാരം ഭാരതത്തില്‍ ഇന്ന് 20നും 24നും ഇടയില്‍ പ്രായമുള്ള 27.3 ശതമാനം സ്ത്രീകള്‍ 18 വയസ്സ് തികയും മുന്‍പ് വിവാഹിതരായവരാണ്. 2021 വരെ ഇന്ത്യന്‍ പാര്‍ലമെന്റിലെ സ്ത്രീകള്‍ 14.4 ശതമാനമാണ്. 2018 ല്‍ 15 നും 49 വയസ്സിനുമിടയില്‍ പ്രായമുള്ള 18.4ശതമാനം സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയായി. ഭാരതത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ സാമൂഹികവും മതപരവുമായ നിയന്ത്രങ്ങളുടെയും വ്യക്തി നിയമ വ്യവസ്ഥകളുടെയും ഫലമാണ്. അതിനാല്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ഭാരതം ധാരാളം മുന്നോട്ട് സഞ്ചരിക്കേണ്ടതായുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി നടത്തുന്ന ആഗോള ശ്രമങ്ങളില്‍ പണ്ട് മുതല്‍ക്കേ ഭാരതം പങ്കാളിയാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും കൈവരിക്കുവാന്‍ നമുക്ക് സാധിച്ചിട്ടില്ല. അതിനുള്ള ഒരു പ്രധാന പരിഹാരമാണ് ഏക സിവില്‍ കോഡ്.
മനുഷ്യാവകാശ സംരക്ഷണാര്‍ത്ഥം 1948-ല്‍ ഐക്യരാഷ്‌ട്രസഭ രൂപം നല്‍കിയ ആഗോള ഉടമ്പടിയാണ് അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തെ 1949 തന്നെ ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണസഭ അംഗീകരിച്ചു. വൈവാഹിക ജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം നല്‍കണമെന്ന് പ്രഖ്യാപനത്തിന്റെ അനുഛേദം 16 പറയുന്നു. മനുഷ്യര്‍ക്കിടയിലുള്ള വിവേചനം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി 1966-ല്‍ രൂപപ്പെടുത്തിയ മറ്റൊരു ഉടമ്പടിയാണ് ‘സിവില്‍, രാഷ്‌ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്‌ട്ര ഉടമ്പടി (ഐസിസിപിആര്‍). 1993-ല്‍ ഭാരതം ഈ ഉടമ്പടി അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു. ഐസിസിപിആര്‍ന്റെ 1997 റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ സ്ത്രീകള്‍ ‘വിവേചനത്തില്‍ നിന്ന് മോചിതരായിട്ടില്ലായെന്നാണ്’. കൂടാതെ, ഉടമ്പടിഅനുസരിച്ച് വിവിധ മതങ്ങള്‍ക്ക് വ്യത്യസ്ത പരിഗണന നല്‍കുവാന്‍ പാടില്ല. എന്നാല്‍ ഇന്ത്യയിലെ സിവില്‍ നിയമങ്ങള്‍ ചില മതങ്ങള്‍ക്ക് ബഹുഭാര്യത്വവും ക്ഷേമത്തിനായി സര്‍ക്കാര്‍ സഹായങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന രീതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. മറ്റൊന്ന്, സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയുള്ള 1979 ലെ ‘സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഉടമ്പടി (സിഇഡിഎഡബ്ല്യൂ)’ യാണ്. 1993- ല്‍ ഭാരതം ഇതും അംഗീകരിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തില്‍ നിലവില്‍ വന്ന മറ്റൊരു ഉടമ്പടിയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 (എസ്ഡിജി, 2030). ഉടമ്പടിയുടെ അഞ്ചാമത്തെ ലക്ഷ്യമായ ലിംഗ സമത്വം 2030 ഓടെ കൈവരിക്കുവാന്‍ എല്ലാ രാജ്യങ്ങളോടും ഇതാവശ്യപ്പെടുന്നു. ഐക്യരാഷ്‌ട്രസഭയുടെ ഭാഗമായ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ ഉടമ്പടി ഒരു അംഗമെന്ന നിലയില്‍ ഭാരതവും അംഗീകരിക്കേണ്ടതുണ്ട്. മാത്രമല്ല ഐക്യരാഷ്‌ട്രസഭയുടെ തന്നെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ 2022-2024 വര്‍ഷത്തേക്കുള്ള അംഗമായി ഭാരതം അടുത്തിടെ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. സമ്മാന്‍, സംവാദ്, സഹയോഗ് എന്നീ ആശയത്തിലൂന്നി ആഗോള മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് ഇന്ത്യ കൗണ്‍സിലില്‍ പ്രഖ്യാപിച്ചത്. ഇതു കൂടാതെ വിവേചനപരമായ നിയമ വ്യവസ്ഥകള്‍ ഇല്ലാതാക്കുവാന്‍ വിവിധ അന്താരാഷ്‌ട്ര സംഘടനകള്‍ മുന്‍കാലങ്ങളില്‍ ഭാരതത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കമ്മിറ്റി തന്നെ നിരവധി തവണയാണ് യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുവാന്‍ ഭാരതത്തോട് ആവശ്യപ്പെട്ടത്. മതപരമായ വ്യക്തി നിയമത്തില്‍ ഇടപെടില്ലയെന്നാണ് ഈ സന്ദര്‍ഭങ്ങളിളെല്ലാം ഭാരതം മറുപടി നല്‍കിയത്. എന്നാല്‍ ഒരു ആഗോള ശക്തിയായി മാറുന്ന ഭാരതത്തിന് ലിംഗ വിവേചനവും, മതപരമായ അസമത്വങ്ങളും ഇല്ലാതാക്കുന്നതിന് ഇനിയും നടപടികള്‍ സ്വീകരിക്കാതിരിക്കാനാവില്ല.
യുസിസി മറ്റ് രാജ്യങ്ങളില്‍
വിവിധ രാജ്യങ്ങളിലെ ഏകീകൃത സിവില്‍ നിയമങ്ങള്‍ ഒരുപോലെയല്ല. ഇസ്ലാമിക രാജ്യങ്ങളിലെയും ഇസ്ലാമേതര രാജ്യങ്ങളിലേയും സിവില്‍ നിയമങ്ങള്‍ വ്യത്യസ്തമാണ്. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ നിയമങ്ങളല്ല സൗദി, ഇറാന്‍, യുഎഇ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിലുള്ളത്. ഇസ്ലാമിക രാജ്യങ്ങളില്‍ ‘ശരിയ’യാണ് ഏകീകൃതസിവില്‍ നിയമം. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലും ഇത് രണ്ടു തരമുണ്ട്. ഉദാഹരണത്തിന്, തുര്‍ക്കി, അല്‍ബേനിയ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പരിഷ്‌കരിച്ച ‘ശരിയ’നിയമവും സൗദി, സെനഗല്‍, ഇന്തോനേഷ്യ, മാലി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പരമ്പരാഗത ‘ശരിയ’ യുമാണ് ഏകീകൃത സിവില്‍ നിയമം. എന്നാല്‍ ഇവിടെയെല്ലാം യൂണിഫോം സിവില്‍കോഡെന്ന് ഇതറിയപ്പെടുന്നില്ല.
ഏകീകൃത സിവില്‍ നിയമ വ്യവസ്ഥ ആദ്യമായി അവതരിപ്പിച്ചത് ഫ്രാന്‍സിലും ജര്‍മനയിലുമാണ്. ചെറിയ രാജ്യങ്ങളായി ഭിന്നിച്ചു കിടന്ന ജര്‍മനിയില്‍ 1900-ല്‍ നിയമം നടപ്പിലാക്കി. ഏറ്റുമുട്ടിയിരുന്ന പരമ്പരാഗത നിയമങ്ങളെ മാറ്റി ഒറ്റ നിയമമാക്കുകയാണ് ചെയ്തത്. നിലവില്‍ യൂറോപ്പിലാകമാനമുള്ള വ്യക്തിനിയമങ്ങളെ ഏകീകരിക്കുന്ന യൂറോപ്പ്യന്‍ സിവില്‍കോഡ് രാജ്യങ്ങളുടെ പരിഗണനയിലാണ്. ചൈനയില്‍ കരാര്‍, ദത്തെടുക്കല്‍, വിവാഹം എന്നിവയിലെ പരമ്പരാഗത നിയമങ്ങള്‍ മാറ്റിയാണ് ഏക സിവില്‍ നിയമം അവതരിപ്പിച്ചത്. രാജ്യത്തെ ഫ്യൂഡലിസ്റ്റ് വ്യവസ്ഥയില്‍ നിലനിന്നിരുന്ന പുരുഷ മേധാവിത്വ കുടുംബ വ്യവസ്ഥയിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളെ മാറ്റിയാണ് ജപ്പാനില്‍ ഏകീകൃത സിവില്‍ നിയമം 1898-ല്‍ നിലവില്‍ വന്നത്. കുടുംബം,വിവാഹം, ബഹുഭാര്യത്വം, കുട്ടികളുടെ സംരക്ഷണം, വിവാഹ മോചനം തുടങ്ങിയവയില്‍ നിലനിന്നിരുന്ന ഗോത്ര നിയമങ്ങള്‍ മാറ്റി 1977ല്‍ അഫ്ഗാനിസ്ഥാനില്‍ ഇത് അവതരിപ്പിച്ചു. പാരമ്പരാഗ ഇസ്ലാമിക നിയമത്തില്‍ നിന്നും വിഭിന്നമായി മാതാപിതാക്കന്മാരുടെ അനുവാദമില്ലാതെ പുരുഷനെ തിരഞ്ഞെടുക്കുവാനുള്ള അവകാശം സ്ത്രീകള്‍ക്ക് ലഭിച്ചു. കൂടാതെ, അനുച്ഛേദം 70,71 സ്ത്രീ-പുരുഷ വിവാഹപ്രായം യഥാക്രമം 16,17 ആയി നിജപ്പെടുത്തുകയും അനുച്ഛേദം 61 പ്രകാരം എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു.
സൗദിയില്‍ ‘ശരിയ’യാണ് ഏകീകൃത സിവില്‍ നിയമം. 1992 ല്‍ നിലവില്‍ വന്ന ഭരണഘടന പ്രകാരം നിയമങ്ങളുടെ സ്രോതസ്സ് ഖുറാനാണ്. രാജ്യത്ത് അധിവസിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്. കുവൈറ്റ് ഭരണഘടനയുടെ അനുച്ഛേദം 12 പ്രകാരം രാജ്യത്തിന്റെ മതം ഇസ്ലാമും നിയമം ‘ശരിയ’യുമാണ്. യുഎഇ ഭരണഘടനയുടെ അനുഛേദം 27 പ്രകാരം രാജ്യത്തെ നിയമ വ്യവസ്ഥ ‘ശരിയ’ യാണ്. ഈജിപ്റ്റിലും ഇറാഖിലും ശരിയയാണ് നിയമവ്യവസ്ഥ. ഹ്യൂമന്‍ റൈറ്‌സ് വാച്ചിന്റെ അഭിപ്രായത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍ മാതൃസ്വത്തില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ അവകാശം നല്‍കുന്നു. അവിടെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വിവാഹമോചത്തിന് അവകാശമില്ല. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രിതമായി അനുവദിക്കുന്നു. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ ദുര്‍ബലമായ വൈവാഹിക ബന്ധത്തില്‍ പ്രവേശിച്ചാല്‍ ജീവിതാവസാനം വരെയും ദാരിദ്ര്യാവസ്ഥയില്‍ കഴിയുവാന്‍ നിര്‍ബന്ധിതമാവുന്നു.
എന്നാല്‍ പല ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഇന്ന് പരിഷ്‌കരണത്തിന്റെ പാതയിലാണ്. ഉദാഹരണത്തിന്, 2018 വരെ സൗദിയില്‍ സ്ത്രീകള്‍ക്ക് കാറോടിക്കുന്നതും, പുരുഷനില്ലാതെ പൊതു സ്ഥാപനങ്ങളിലും സ്റ്റേഡിയങ്ങളിലും പോകുന്നതും വിലക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം ഇന്ന് ഉപേക്ഷിക്കുക മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും സ്ത്രീകളെ അനുവദിച്ചു. കൂടാതെ തുര്‍ക്കി, ഈജിപ്റ്റ്, മലേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും സ്ത്രീകള്‍ക്കുണ്ടായിരുന്ന നിയന്ത്രങ്ങള്‍ മാറ്റിത്തുടങ്ങി. ‘ശരിയ’യോടൊപ്പം പുരോഗമന ചിന്തകളും ഉള്‍പ്പെടുത്തി ഒരു സമ്മിശ്ര നിയമ വ്യവസ്ഥ പിന്തുടരുന്നു.
മതാന്ധത ബാധിച്ച ഇന്ത്യയിലെ ഒരു വിഭാഗം അപരിഷകൃത നിയമങ്ങള്‍ പിന്തുടരണമെന്ന് ശാഠ്യം പിടിക്കുന്നു. ശരിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭരിക്കുന്ന സൗദി പോലെയുള്ള രാജ്യങ്ങള്‍ പോലും പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടിട്ടും സ്വാതന്ത്ര്യവും, സമത്വവും ഭരണഘടനാവകാശമായുള്ള ഭാരതത്തില്‍ അതിനെതിരെയാണ് പ്രതിപക്ഷ പിന്തുണയോടെ ഇവര്‍ സമരത്തിനിറങ്ങുന്നത്. മുസ്ലിം ലീഗിലെ പുരുഷ മേധാവിത്വത്തിന് പിന്തുണ നല്‍കുവാനാണ് കേരളത്തിലെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും തയ്യാറെടുക്കുന്നത്. വോട്ടിനു വേണ്ടി വനിതാമതില്‍ കെട്ടിയവര്‍ വോട്ടിനു വേണ്ടി അതേ വനിതകളെ തള്ളിക്കളയുന്നു. ബാലികാവിവാഹം ഉള്‍പ്പടെയുള്ള അപരിഷകൃതമായ ആചാരങ്ങള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ഇവര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആഗോള ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന് അപമാനമാണ്.
(ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: