ശ്രീനഗര്‍: നിയന്ത്രണരേഖയുടെ സമീപത്തുള്ള ഗ്രാമങ്ങള്‍ വിനോദസഞ്ചാര പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് നീലം താഴ്വരയിലെ ജനങ്ങള്‍. പാക് അധിനിവേശ കശ്മീരിനോട് ചേര്‍ന്നുള്ള കിഷന്‍ഗംഗ നദിയുടെ തീരഗ്രാമങ്ങളുടെ സൗന്ദര്യമാണ് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നത്.
കുപ്വാര ജില്ലയുടെ അതിര്‍ത്തി താലൂക്കായ കേരന്‍ ആണ് പട്ടികയില്‍ ഇടം പിടിച്ച പ്രധാന പ്രദേശം. അക്രമങ്ങളും ഭീകരവാദവും പാക് ഭീഷണിയുമൊക്കെ നിലനിന്നിരുന്ന കേരന്റെ പ്രകൃതി സൗന്ദര്യം ഇതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. ടൂറിസം പട്ടികയില്‍ കേരന്‍ ഇടംപിടിച്ചതോടെ വികസനവും തൊഴിലും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 9634 അടി ഉയരത്തിലുള്ള ഫിര്ക്കിയാന് ഗലിയിലൂടെയാണ് സഞ്ചാരികളെ കേരനിലേക്ക് കൊണ്ടുപോകുന്നത്.
ഉയരത്തില്‍ നിന്നുള്ള താഴ്വരയുടെ കാഴ്ച ഏറെ ആകര്‍ഷകമാണ്. പൂര്‍ണമായും തടി കൊണ്ടുള്ള വീടുകളുടെ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണ് കേരന്റെ പ്രത്യേകത. കേരന്‍, ഗുരെസ്, താങ്ധര്‍, മച്ചില്‍, ബംഗസ് തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം ഭൂപടത്തിലിടം പിടിച്ചത്. സന്ദര്‍ശകരെ ഉള്‍ക്കൊള്ളുന്നതിനായി ഹോംസ്റ്റേ സൗകര്യങ്ങളും ക്യാമ്പിങ് ടെന്റുകളും ഇതിനകം ഈ ഗ്രാമങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: