ജയ്പുര്‍: ലോകം നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള അസുലഭ അവസരമാണ് ജി20 അധ്യക്ഷപദവിയിലൂടെ ഭാരതത്തിന് ലഭിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സിവില്‍ 20 (സി 20) യുടെ ഉച്ചകോടി ജയ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ഒന്നാണെന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് വസുധൈവ കുടുംബകം എന്ന ആശയമെന്നും നമ്മുടെ പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി20 നിര്‍ണായക പങ്കുവഹിച്ചെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. വിവിധ മേഖലകളിലെ നയരൂപീകരണത്തില്‍ സാമൂഹിക സംഘടനകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്.
ഇവിടെയാണ് ഇത്തരത്തിലുള്ള സാമൂഹിക സംഘങ്ങളുടെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാനും സാമൂഹിക സംഘങ്ങള്‍ക്ക് സാധിക്കും. അവശതയനുഭവിക്കുന്ന ജനവിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സാധിക്കുമെന്നും അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് മാതാ അമൃതാനന്ദമയി ദേവിയെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഒരുമയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും ഏകത്വബോധം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ അത്യാഗ്രഹം അതിന്റെ മൂര്ധന്യാവസ്ഥയിലെത്തി മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന അവസ്ഥയിലേക്കെത്തുമെന്നും ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നമ്മുടെ വളര്‍ച്ച നമ്മുടെ ചിന്തയിലും ഉണ്ടാകണമെന്നും മറ്റുള്ളവര്‍ നമ്മളെ അനുകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി വേണം ജീവിക്കാനെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും അവയെ വിശകലനം ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സി 20 സമിതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാന്‍ ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ഇത്തരമൊരു കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയ രാജ്യത്തിനോടും പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
രാജസ്ഥാന് വ്യവസായ മന്ത്രി ശകുന്തള റാവത്, മെക്സിക്കന്‍ എംബസി അംബാസഡര്‍ ഫെഡറികോ സലാസ് ലോത്ഫെ, ജി 20 ഉപ ഷെര്‍പ്പ അഭയ് താക്കൂര്‍, സി ട്വന്റി ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 കോര്‍കമ്മിറ്റി അംഗങ്ങളായ സത്സംഗ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ എം , ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ, വിവേകാനന്ദകേന്ദ്ര പ്രതിനിധി ഡോ.നിവേദിത ഭിഡെ, സി 20 ട്രോയ്ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ജയ്പൂരിലെ ക്ലാര്‍ക്സ് അമര്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകളും വിവിധ മേഖലകളില്‍ നിന്നുള്ള ലോകപ്രശസ്തരായ വിദഗ്ധരുമുള്‍പ്പെടെ 700 ലേറെ പ്രതിനിധികളും ജി 20 ഭാരവാഹികളുമാണ് പങ്കെടുക്കുന്നത്. സി ട്വന്റിയുടെ 16 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ലോകമെമ്പാടുമുള്ള സാമൂഹിക സംഘടനകള്‍, നയ രൂപകര്‍ത്താക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നയനിര്‍ദ്ദേശങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും.
31 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര, രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത്, സി 20 ഷെര്‍പ്പ വിജയ് കെ നമ്പ്യാര്‍, സി 20 ട്രോയ്ക അംഗവും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: