ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് അനില്‍ ആന്റണി. 2047ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും രാജ്യത്തെ വികസിത രാജ്യമാക്കാനാണ് മോദിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. അതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കും. ദല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അനില്‍ ആന്റണി.
ബിജെപി ദേശീയ നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നദ്ദ എന്നിങ്ങനെ രാഷ്ട്രീയത്തില്‍ ഇത്രയുംകാലം തനിക്ക് മാര്‍ഗ ദര്ശികളായിരുന്നവരോടും നന്ദി അറിയിക്കുന്നതായും അനില്‍ ആന്റണി പറഞ്ഞു.
2023 പാര്‍ട്ടിയെ സംബന്ധിച്ച് സുപ്രധാന വര്‍ഷമാണ്. 2014, 2019 എന്നീ വര്‍ഷങ്ങളില്‍ നേടിയതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയത്തില്‍ അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നതിനായി ഓരോ പ്രവര്‍ത്തകനും ശ്രമിക്കുമെന്ന് ഉറപ്പുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതവും സ്വാധീനവും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പാര്‍ട്ടിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക. കേരളത്തില്‍ നിന്ന് മൂന്ന് മലയാളികളാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും അരവിന്ദ് മേനോന് ദേശീയ സെക്രട്ടറിയായും തുടരും. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹന്‍ അഗര്‍വാള്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: