ചെന്നൈ: രാഷ്ട്രീയ വിമര്‍ശനകനും തമിഴ്നാട്ടിലെ പ്രമുഖ പുസ്തകപ്രസിദ്ധീകരണസംരംഭമായ കിഴക്ക് പതിപ്പകത്തിന്റെ സ്ഥാപകനുമായ ബദ്രി ശേഷാദ്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ പ്രശ്നത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് പേരാമ്പലൂര്‍ പൊലീസ് ബദ്രി ശേഷാദ്രിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ബദ്രി ശേഷാദ്രിയെ 14 ദിവസത്തെ റിമാന്റില്‍ വിട്ടു.
യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ബദ്രി ശേഷാദ്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെയും നിയമസംവിധാനത്തെയും വിമര്‍ശിച്ചുവെന്നാണ് കേസ്. മണിപ്പൂര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ബദ്രിയുടെ അഭിപ്രായം. “മണിപ്പൂരിലെ അടിത്തട്ടിലുള്ള പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക ജനവിഭാഗത്തിനിടയിലെ പ്രശ്നങ്ങളെക്കുറിച്ചും ജഡ്ജിമാര്‍ക്ക് തന്നെയും അറിവുള്ളതായി തോന്നുന്നില്ല. യാതൊരു യുക്തിയുമില്ലാതെയാണ് കോടതി ഇടപെട്ടത്.”- യുട്യൂബ് അഭിമുഖത്തില്‍ ബദ്രി നടത്തിയ വിമര്‍ശനം ഇതായിരുന്നു. “ഭരണനിര്‍വ്വഹണത്തിന്റെ തലത്തിലേക്ക് ജുഡീഷ്യറിയ്ക്ക് പ്രവേശിക്കാന്‍ കഴിയുമോ? കേന്ദ്ര സര്‍ക്കാര്‍ സാധാരണ നില കൈവരുത്താന്‍ നത്തിയ പ്രവര്‍ത്തനങ്ങളില്‍ എന്ത് കുറ്റമാണ് താങ്കള്‍ കണ്ടെത്തിയത് ?രണ്ട് ഗ്രൂപ്പുകള്‍ അവിടെ ഏറ്റുമുട്ടുകയാണ്. അത് ഒരു മലമ്പ്രദേശമാണ്. സങ്കീര്‍ണ്ണമായ ഒരിടം. അവിടെ ചില കൊലപാതകങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും. അവര്‍ എന്തിനാണ് ഏറ്റുമുട്ടിയത് ?രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് എളുപ്പത്തില്‍ നമുക്ക് തടയാന്‍ കഴിയുമോ? അത് എളുപ്പത്തില്‍ കഴിയില്ല.”-ബദ്രിയുടെ അഭിമുഖത്തിലെ മറ്റൊരു വിവാദ ഭാഗം ഇതായിരുന്നു. “നിങ്ങള്‍ക്ക് അക്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഇറങ്ങി അത് ചെയ്യാം.”- എന്ന് സുപ്രീംകോടതി കേസില്‍ വാദം കേള്‍ക്കവേ പ്രതികരിച്ചിരുന്നു. ഇക്കാര്യം മനസ്സില്‍വെച്ചുകൊണ്ടാണ് മണിപ്പൂരില്‍ തോക്ക് പിടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ഇറങ്ങുമെന്ന് തോന്നുന്നില്ലെന്നും ബദ്രി അഭിപ്രായപ്പെട്ടത്.
ഈ അഭിമുഖത്തിനെതിരെ തമിഴ്നാട്ടിലെ കുന്നം സ്വദേശിയായ അഭിഭാഷകന് കവിയരശ് നല്കിയ പരാതിയിലാണ് അറസ്റ്റ്. ജുഡീഷ്യറിയെ വിമര്‍ശിച്ച ബദ്രിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അഭിഭാഷകന് കവിയരശ് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (ലഹള ഉണ്ടാക്കുന്ന എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം), 153എ (വാക്കിലൂടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ പ്രകോപനം സൃഷ്ടിക്കല്‍), 505(1) (പൊതുജനത്തില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബദ്രിയുടെ അറസ്റ്റിന് അപലപിച്ച് അണ്ണാമലൈ
ബദ്രിയുടെ അറസ്റ്റിനെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ അപലപിച്ചു. സാധാരണക്കാരുടെ കാഴ്ചപ്പാടിനെയും അഭിപ്രായപ്രകടനങ്ങളെയും ഭയക്കുകയാണ് അഴിമതിയില്‍ മുങ്ങിയ ഡിഎംകെ സര്‍ക്കാരെന്ന് ട്വീറ്റിലൂടെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ കുറ്റപ്പെടുത്തി. അഴിമതിയില്‍ മുങ്ങിയ ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രതികാരന നടപടികള്‍ എടുക്കുകയാണോ തമിഴ്നാട് പൊലീസിന്റെ ഡ്യൂട്ടിയെന്നും അണ്ണാമലൈ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: