ന്യൂദല്‍ഹി : അമൃത് മഹോത്സവത്തില്‍ രാജ്യത്ത് രണ്ട് ലക്ഷത്തോളം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്‍ കി ബാത്തില്‍ മോദി എടുത്തുപറഞ്ഞു. ഭിന്നശേഷിക്കാരായ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ‘റൈറ്റേഴ്സ് മീറ്റ്’, ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ സംഘടിപ്പിച്ച ‘ദേശീയ സംസ്‌കൃത സമ്മേളനം’ എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മയക്കുമരുന്നിന്റെ വിപത്തിനെ കുറിച്ചും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.സംഗീത രാത്രി, ബൈക്ക് റാലി തുടങ്ങിയ നൂതന മാര്‍ഗങ്ങളിലൂടെ മയക്കുമരുന്നിനെതിരെ ജമ്മു കശ്മീരില്‍ ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ നിരവധി സ്പോര്‍ട്സ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മയക്കുമരുന്ന് അടിമത്തത്തില്‍ നിന്ന് മുക്തി നേടാനും ബോധവത്കരണ കാമ്പെയ്നുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തില്‍ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാവിതലമുറയെ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 2020 ഓഗസ്റ്റ് 15-ന് ‘നശ മുക്ത് ഭാരത് അഭിയാന്‍’ ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പ് ഇന്ത്യ മയക്കുമരുന്നിനെതിരെ വലിയ നടപടി സ്വീകരിച്ചതായും പിടിച്ചെടുത്ത 1.5 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചതായും മോദി പറഞ്ഞു. 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചതിന്റെ അതുല്യ റെക്കോര്‍ഡും ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 12,000 കോടിയിലധികം രൂപയാണ് ഈ നശിപ്പിക്കപ്പെട്ട മരുന്നുകളുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: