കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരപീഡനത്തിനിരയായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ പ്രതിയെ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പോലീസ് കസ്റ്റഡി അപേഷ നൽകുന്നത്. ബലാത്സംഗം ഉൾപ്പടെ ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം നടത്തുന്നതിനു പിന്നിൽ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ അറിയാൻ വിശദമായ അന്വേഷണം നടത്തും. സംഭവസ്ഥലത്ത് ഇന്നലെ പ്രതിയെ എത്തിച്ചെങ്കിലും കടുത്ത ജനരോഷമുയർന്നതിനാൽ പോലീസിന് തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ, മറ്റു ശാസ്ത്രീയ തെളിവുകളെല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി താമസിച്ച സ്ഥലത്തും സംഭവസ്ഥവത്തും എത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. കഴുത്തില്‍ ബനിയന് ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ശരീരത്തില്‍ അതിന്റെ പാടുകളുണ്ട്. ഈ ബനിയന് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തിയ ശേഷമാണ് അതിക്രൂരമായ ലൈംഗിക ആക്രമണം നടന്നതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: