കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം അത്യന്തം ഹീനമായ കുറ്റകൃത്യമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മനസാക്ഷിയെ വിറങ്ങലിക്കുന്ന ക്രൂര കൃത്യമാണ് നടന്നത്. മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം. ഫെയ്സ് ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല കേരള പൊലീസിന്റെ പണി. അതിനല്ല നികുതി പണം നൽകി പോലീസിനെ ഇരുത്തിയിരിക്കുന്നത്. പ്രതിയെ പിടിച്ചെന്ന് വീരവാദം പറയുന്നത് നാണമുണ്ടെങ്കിൽ നിർത്തണം. പകൽ നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പോലീസിന് സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ആലുവയിൽ ഓപ്പൺ ബാർ നടക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത് തടയേണ്ടത് പോലീസ് അല്ലേ. ഒരു രാത്രി മുഴുവൻ പ്രതിക്ക് പോലീസിനെ വഴിതെറ്റിക്കാൻ സാധിച്ചു. ഈ വീഴ്ചയ്‌ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം. വീഴ്‌ച്ചയ്‌ക്ക് ഉത്തരവാദികളായവർ സ്ഥാനങ്ങളിൽ തുടരുതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇവരെ വിളിക്കുന്നത് അതിഥി തൊഴിലാളി എന്നാണ്. എന്നാൽ ഏത് സംസ്ഥാനക്കാരാണ് ഈ അതിഥി എന്ന് പോലും മുഖ്യമന്ത്രിയ്‌ക്ക് അറിയില്ല. അതിഥി തൊഴിലാളികൾ എവിടെ നിന്ന് വരുന്നു എന്ന് ഒരു വിവരവും സർക്കാരിന്റെ കൈയ്യിൽ ഇല്ല. തൊഴിലാളി ക്യാമ്പുകളിൽ പരിശോധനയില്ല. അവരെ സംബന്ധിച്ച് വ്യക്തമായ വിവരമില്ല. ചെയ്യേണ്ട കാര്യം ഒന്നും ചെയ്യാതെ മാപ്പ് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
സർക്കാർ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്, ചോദ്യം വന്നപ്പോൾ മന്ത്രിയുടെ മനസിൽ വന്ന ആശയം മാത്രം. അങ്ങനെയല്ല നിയമനിർമാണം നടത്തേണ്ടത്. അതിന് ഒരുപാട് സാഹചര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിയമ നിർമ്മാണം നടക്കേണ്ടത് വസ്തുതകളും സാഹചര്യവും പരിശോധിച്ച ശേഷമാണെന്ന് വി മുരളീധരൻ പ്രതികരിച്ചു.
കുട്ടികൾ പുറത്തിറങ്ങിയാൽ ഒന്നുകിൽ നരാധമന്മാർ കടിച്ചുകീറും അല്ലെങ്കിൽ തെരുവുനായ്‌ക്കൾ കടിച്ചു കൊല്ലും അതാണ് കേരളത്തിലെ സ്ഥിതിയെന്നും വി. മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: