കോഴിക്കോട്: ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം നിൽക്കെ ട്രോളിങ് നിരോധന കാലത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ 4,500 രൂപയും ഇതേവരെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ട്രോളിങ് നിരോധനകാലത്ത് സൗജന്യ റേഷനും സാമ്പത്തിക സഹായവും അല്പം ആശ്വാസമായിരുന്നു. എന്നാൽ അത് പോലും നൽകാൻ സർക്കാർ തയാറായില്ല. സർക്കർ പ്രഖ്യാപനം മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയായിട്ടാണ് ഇത്തവണ മാറിയത്. ഇത് തിരിച്ചടിയായെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വിതരണം വൈകിയതെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റേഷന് അർഹരായ തൊഴിലാളികളുടെ ലിസ്റ്റ് ഫിഷറീസ് വകുപ്പാണ് സിവിൽ സപ്ലൈസ് വകുപ്പിന് നൽകേണ്ടത്. ഈ ലിസ്റ്റ് തിരുവനന്തപുരം സിവിൽ സപ്ലൈസ് കമ്മിഷണർ ഓഫീസിലേക്ക് അയച്ചതിന് ശേഷമാണ് റേഷൻ വിതരണം തുടങ്ങുക. എന്നാൽ ഇത്തവണ ഇതിന്റെ നടപടി കാര്യക്ഷമമല്ലെന്നാണ് വിശദീകരണം. അതേസമയം അധികൃതർ സൗജന്യ റേഷൻ നൽകാത്തതിന് പറയുന്ന ന്യായീകരണം പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കേ മത്സ്യബന്ധനത്തിന് അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ. നാളെ അർദ്ധരാത്രിയോടെ നിരോധനം അവസാനിക്കും. മത്സ്യബന്ധനയാനങ്ങൾ അറ്റകുറ്റപ്പണികളും പെയിൻ്റിങും കഴിഞ്ഞ് പുതുമോടിയിൽ ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. മീൻ പിടിക്കുന്നതിനുള്ള വലകൾ തയാറാക്കുന്നതിനുള്ള അവസാനവട്ട ജോലിത്തിരക്കിലാണ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആഗസ്റ്റ് ഒന്നു മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങും. ജൂൺ ഒൻപതിന് അർദ്ധരാത്രി മുതൽ ജുലൈ 31 അർദ്ധരാത്രിവരെ 52 ദിവസങ്ങളിലായിരുന്നു ട്രോളിങ് നിരോധനം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് അനുവാദമുണ്ടായിരുന്നെങ്കിലും കാറ്റും തിരയിളക്കവും കാരണം കടലിലിറങ്ങാൻ മിക്ക ദിവസങ്ങളിലും കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യമാണ് മാർക്കറ്റിൽ ഇതുവരെ കൂടുതലായും ലഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: