കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബീഹാറിലേക്ക്. പ്രതി അസഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണ സംഘത്തിലെ മൂന്നു പേർ ബിഹാറിലേക്ക് പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അസഫാക്ക് ആലമിന് ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. മദ്യപിച്ച് റോഡിൽ കിടക്കുന്നതും ആളുകളുമായി വാക്കേറ്റമുണ്ടാകുന്നതും സ്ഥിരമായിരുന്നു. അസഫാക്കിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവർക്ക് കൊലയിൽ പങ്കില്ലെന്നാണ് കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസഫാക്ക് കുറ്റസമ്മതം നടത്തിയത്.
മുൻപ് മൊബൈൽ മോഷണക്കേസിലും അസഫാക്ക് പ്രതിയായിട്ടുണ്ട്. ഒന്നര വർഷം മുൻപ് കേരളത്തിലെത്തിയ പ്രതി നിർമാണജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. ഇയാൾ രണ്ടു ദിവസം മുൻപാണ് ആലുവ തായിക്കാട്ടുകരയിൽ എത്തിയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ പുഴയോരത്തെത്തിച്ചത്. അതേസമയം കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി പഠിച്ച ക്ലാസിലായിരുന്നു പൊതുദർശനം.
കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ പ്രദേശവാസികൾ ഒഴുകിയെത്തിയിരുന്നു. സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, അധ്യാപകരുമടങ്ങുന്ന വലിയ സംഘം സ്‌കൂളിൽ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: