മണിപ്പൂരില്‍ കുത്തിത്തിരിപ്പുണ്ടാക്കാനും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയായിരുന്നു മുംബൈ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ കാര്‍ഡിനല്‍ ഗ്രാഷ്യസിന്റെ നാലുമിനിറ്റ് വീഡിയോ സന്ദേശം. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ മുതലെടുപ്പിനു ശ്രമിക്കുന്ന സഭാ കുഞ്ഞാടുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള നേരിന്റെ മറുപടികൂടിയാണ് ബിഷപ്പിന്റെ വാക്കുകള്‍.
‘മണിപ്പൂരില്‍ നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ശത്രുതയില്‍ നിന്നുടലെടുത്ത ഹീനമായ കലാപമാണ്. പുതുതായി പാസാക്കിയ ചില നിയമങ്ങള്‍ കാരണം അത് അക്രമത്തിലേക്ക് പൊട്ടിത്തെറിച്ചു. നമ്മുടെ രാജ്യമായ ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഒന്നും ചെയ്യരുത്. ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരണം’ ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാരുടെ കൂട്ടായ്മയായ സിബിസിഐയുടെ മുന്‍ അധ്യക്ഷനായ കര്‍ദിനാള്‍ അസന്നിഗ്ധമായി ഇങ്ങനെ പറയുമ്പോള്‍ അത് പലര്‍ക്കുമുള്ള മറുപടിയായി. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ആര്‍എസ്എസ്സിനെയും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമം നടത്തുന്നവര്‍ക്കുള്ള ഉത്തരം കൂടിയായി. അറിയാതെ പറഞ്ഞതോ നാക്കുപിഴയില്‍ സംഭവിച്ചതോ അല്ല ബിഷപ്പിന്റെ വാക്കുകള്‍. നല്ല ഉദ്ദേശ്യത്തോടെ സഭയുടെ ഉത്തരവാദിത്വപ്പെട്ടവരുമായി സംസാരിച്ച ശേഷം പുറത്തിറക്കിയ വീഡിയോയിലാണ് മണിപ്പൂര്‍ സത്യം അദ്ദേഹം വെളിപ്പെടുത്തുന്നത്. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടരുന്നതിനിടെ ക്രൈസ്തവ സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ വാക്കുകള്‍ക്ക് പ്രധാന്യം ഏറെയാണ്. ബിജെപി വിരുദ്ധരുടേയും മോദി വിരോധികളുടേയും മുഖത്തടികൂടിയാണ് ബിഷപ്പിന്റെ വാക്കുകള്‍.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പു നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടും ഏറ്റുമുട്ടലിന്റെ പാതയാണ് പ്രതിപക്ഷം സ്വീകരിച്ചത്. മണിപ്പൂരില്‍ ഏകപക്ഷീയമായി വംശഹത്യ നടക്കുകയാണെന്ന കുപ്രചാരണമാണ് നടത്തുന്നത്. ഈ പ്രചാരണത്തിലൂടെ ആ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്ന ദുഷ്ടലാക്കാണ്. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്താല്‍ ഈ കുതന്ത്രം പൊളിയുമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നം. പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തിനു താത്പര്യമില്ലാത്തതിനാല്‍ മാധ്യമങ്ങള്‍ വഴി ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാനപാലനത്തിന് കേന്ദ്രം എടുത്ത കര്‍ശന നടപടികള്‍ അക്കമിട്ടു നിരത്തി.
‘യുവതികളെ നഗ്നരാക്കി നടത്തുന്ന, വീഡിയോ ചിത്രീകരിച്ച ആളെ അറസ്റ്റുചെയ്തു, മൊബൈല്‍ പിടിച്ചെടുത്തു. വീഡിയോ ചിത്രീകരിക്കുമ്പോള്‍ സൈന്യമോ പോലീസോ സ്ഥലത്തുണ്ടായിരുന്നില്ല. വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തലേന്ന് പുറത്തുവന്നതിനു പിന്നില്‍ കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ്. ഇതുള്‍പ്പെടെ ഏഴു കേസുകള്‍ സിബിഐക്ക് കൈമാറി, മറ്റു മൂന്നു കേസുകള്‍ എന്‍ഐഎയ്ക്കും. വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാന്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഘര്‍ഷത്തിലുള്ള കുക്കി-മെയ്തെയ് വിഭാഗങ്ങള്‍ക്കിടെ 35,000 സൈനികരെ അണിനിരത്തി സുരക്ഷാസേന ബഫര്‍ സോണ്‍ രൂപീകരിച്ചു. മ്യാന്മര് അതിര്‍ത്തിയിലൂടെയുള്ള മയക്കുമരുന്നു കടത്തും അനധികൃത കുടിയേറ്റവും തടയാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വേലി കെട്ടിത്തുടങ്ങി.
പോലീസ് രജിസ്റ്റര്‍ ചെയ്ത 6065 കേസുകളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. ഇരുവിഭാഗവുമായി ഒരു ഡസന്‍ ചര്‍ച്ചകളെങ്കിലും നടത്തി. സായുധ സേനയ്ക്കു പ്രത്യേക അധികാരം നല്കുന്ന നിയമം തിരികെ കൊണ്ടുവരാന്‍ നീക്കമില്ല. മ്യാന്മറില് നിന്നു സംസ്ഥാനത്തേക്ക് കടന്ന കുക്കികളെ കണ്ടെത്താന്‍ ബയോമെട്രിക് സര്‍വേ നടത്തുന്നുണ്ട്. ഡിസംബറോടെ ഇതു പൂര്‍ത്തിയാകും. ഇവരുടെ പേരുകള്‍ നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തും. അമിത് ഷാ വ്യക്തമാക്കിയ ഈ നടപടികളെക്കാല് കൂടുതല്‍ എന്താണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. ‘പ്രധാനമന്ത്രി മിണ്ടിയില്ല, മുഖ്യമന്ത്രിയെ കൊളളില്ല’ എന്നൊക്കെയുള്ള ബാലിശമായ ആവശങ്ങള്‍ ഉന്നയിച്ച് കോമാളികളാകുകയാണ് പ്രതിപക്ഷം. മണിപ്പൂരില്‍ നടന്നത് ഒരു വംശീയ സംഘര്‍ഷമാണ്. നിലവില്‍ ഏതു മതത്തിലായാലും വംശീയമായ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, അതിനു വേണ്ടി പോരാടുന്ന വംശങ്ങളാണ് അവിടെയുള്ളത്.
മണിപ്പൂരിലെ ആകെ വിസ്തീര്‍ണത്തിന്റെ 90% മലനിരകളാണ്. ബാക്കി പത്തു ശതമാനമാണ് സമതല നഗരപ്രദേശം. ജനസംഖ്യയുടെ 35% ജനങ്ങള്‍ മാത്രമാണ് മലനിരകളില്‍ താമസിക്കുന്നത്. സമതലത്തില്‍ താമസിക്കുന്നത് 65% ജനങ്ങളും. മെയ്തി എന്ന വിഭാഗക്കാരാണ് ജനസംഖ്യയില്‍ 53 % .ഇവര്‍ സമതലവാസികളാണ്. മെയ്തികള്‍ കൂടുതലും ഹിന്ദുക്കളാണ്. അവരില്‍ ഏകദേശം 10 % ക്രിസ്ത്യന്‍ മുസ്ലിം മതക്കാരുണ്ട്. മലനിരയില്‍ താമസിക്കുന്ന നാഗകുക്കി വിഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും മതം മാറിയ ക്രസ്ത്യാനികളാണ്. 1950ല്‍ നാഗന്മാര്ക്കും കുക്കികള്‍ക്കും പട്ടികവര്‍ഗ്ഗ (എസ്ടി) പദവി നല്കി. ജനസംഖ്യയില്‍ കൂടുതലുള്ള മെയ്തികള്‍ ആ പദവിയില്‍ നിന്നും പുറത്തായി. വംശീയമായി നോക്കിയാല്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. കുക്കികളും നാഗന്മാരും എസ്ടി പദവി കൊണ്ട് ലഭ്യമാകുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടി ഉപയോഗിച്ച് സാമൂഹികമായും സാമ്പത്തികമായും ഏറെ മുന്നാക്കമായി. മണിപ്പൂരിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കു പ്രത്യേക അവകാശങ്ങളുണ്ട്. മെയ്തികള്‍ ഏറെയുള്ള താഴ്വരയില് ആ പരിരക്ഷ ഒന്നുമില്ല. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സംസ്ഥാനത്തുടനീളം ഭൂമി വാങ്ങാന്‍ കഴിയുമെങ്കിലും മലമ്പ്രദേശങ്ങളില്‍ അതെ അവകാശം മെയ്തികള്ക്കില്ല. നാഗാ, കുക്കി തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാര്‍ അടുത്തതായി താഴ്വരയിലേക്ക് ഇറങ്ങാന്‍ തുടങ്ങി. ഇത് താഴ്വരയിലെ ജനസംഖ്യയെ അട്ടിമറിക്കാന്‍ തുടങ്ങി. ഇതോടെ തങ്ങളുടെ വംശത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് എസ്ടി പദവി ലഭിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് മെയ്തികള്‍ തിരിച്ചറിഞ്ഞു. ഗോത്രവര്‍ഗ്ഗക്കാര്‍ ആണെന്ന് തെളിയിക്കുന്നതിന് നിരവധി തെളിവുകള്‍ നിരത്തി.
മെയ്തികള്‍ക്ക് എസ്ടി പദവി നല്കാന് കേന്ദ്ര ആദിവാസി മന്ത്രാലയത്തോട് നാലാഴ്ചയ്ക്കകം ശുപാര്‍ശ ചെയ്യാന്‍ മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യക്ഷത്തില്‍ മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പെട്ടെന്നുണ്ടായ കാരണം ഇതാണ്. തനതു ജനവിഭാഗമായ മെയ്തേയികള്‍ക്ക് ഗോത്രവര്‍ഗ പദവി നല്‍കുന്നതിനെ അനുകൂലിക്കുന്ന ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന്, അതിനെതിരെ കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമത്തിന് തുടക്കമിടുകയായിരുന്നു. ആരാധനാലയങ്ങള്‍ക്കു നേരെയും അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ അതിന് തിരിച്ചടിയുണ്ടായി. കുക്കികള്‍ ഇതുവരെ അനുഭവിച്ചിരുന്ന സംവരണാനുകൂല്യം മെയ്തേയി വിഭാഗത്തിനും ലഭിക്കുമെന്നതാണ് ഒരു പ്രശ്നം. മണിപ്പൂരിന്റെ തൊണ്ണൂറ് ശതമാനം വരുന്ന മലനിരകളില്‍ സ്ഥലം വാങ്ങാനും താമസിക്കാനും മെയ്തേയികള്‍ക്കുള്ള നിയമപരമായുണ്ടായ തടസ്സം നീങ്ങും. ഇത് രണ്ടുമാണ് കുക്കി വിഭാഗത്തെ കലാപത്തിന് പ്രേരിപ്പിച്ചത്. എതിരായ ഒരു കോടതിവിധിയുണ്ടായാല്‍ അതിനെ മറികടക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ അതിന് നില്‍ക്കാതെ കലാപത്തിലേക്ക് എടുത്തുചാടിയതിനു പിന്നില്‍ ആഭ്യന്തരവൈദേശിക ശക്തികളുടെ കൈകളുണ്ട്.
മലയോര ജില്ലകളില്‍ മയക്കു മരുന്നായ പോപ്പി കൃഷി പ്രധാന വരുമാനമാര്‍ഗ്ഗമാണ്. മോര്‍ഫിന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കുക്കി തീവ്രവാദികള്‍ മലനിരകളില്‍ വന്‍ തോതില്‍ വനനശീകരണവും കറുപ്പ് കൃഷിയും ഹെറോയിന്‍ നിര്‍മ്മാണവും നടത്തുകയായിരുന്നു മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ ഭരണം ആരംഭിച്ച 2017 മുതല്‍ നിശ്ചയ ദാര്‍ഢ്യത്തോടെ കുന്നുകളിലെ ആയിരക്കണക്കിന് ഏക്കര്‍ പോപ്പി തോട്ടങ്ങള്‍ സര്‍ക്കാര്‍ നശിപ്പു. മയക്കുമരുന്ന് നിര്‍മാണവും വ്യാപാരവും തടയുന്നതിനായി നിരോധിത വനങ്ങളില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി. അനധികൃത ഹെറോയിന്‍ നിര്‍മ്മാണ ഫാക്ടറികള്‍ ഇടിച്ചു നിരത്തി. ഈ നിര്‍മ്മാണങ്ങള്‍ ദേവാലയങ്ങള്‍ ആണെന്നാണ് കുക്കികള്‍ പറയുന്നത്. കള്ളക്കടത്തു തൊഴിലാക്കിയ കുക്കിതീവ്രവാദികള് ഒരു അവസരം കാത്തിരിക്കുകയായിരുന്നു. പോപ്പി തോട്ടങ്ങള്‍ നശിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. മെയ്തിയെ എസ്ടിയായി തരംതിരിക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി പറഞ്ഞത് അവസരമാക്കി എന്നു മാത്രം.
ചുരാചന്ദ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓപ്പണ്‍ ജിം കത്തിച്ചുകൊണ്ട് കുക്കികള്‍ അക്രമം തുടങ്ങി. തുടര്‍ന്ന് കുക്കി ആദിവാസി തീവ്രവാദി സംഘം നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനിടെ എകെ 47 പോലുള്ള അത്യാധുനിക ആയുധങ്ങളുമായി മെയ്തികളെ ആക്രമിച്ചു. തുടര്‍ന്ന് മെയ്തികള്‍ ആയുധമെടുത്ത് പ്രതിരോധിക്കാന്‍ തുടങ്ങി. ഇംഫാലില്‍ മെയ്തികളും ആദിവാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഉണര്‍ന്നു പ്രവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 355 നടപ്പിലാക്കുകയും മണിപ്പൂരിന്റെ സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു. അക്രമം തടയാന്‍ സൈന്യം, സിആര്‍പിഎഫ്, അസം റൈഫിള്‍സ്, സംസ്ഥാന പൊലീസ് എന്നിവയ്ക്കൊപ്പം റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും വിന്യസിച്ചു. ആയുധമെടുത്തവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടു. നിലവില്‍ മണിപ്പൂരിലെ സംഘര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചു തന്നെ അടിച്ചമര്‍ത്തിയിട്ടുണ്ട്.
മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യന്‍ കലാപമാണ് എന്നുള്ള പ്രചാരമാണ് കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ് കൂട്ടുകെട്ടായിരുന്നു പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാര്‍ അജണ്ടയാണെന്നും ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും കയറ്റിപ്പറഞ്ഞു. പിണറായിക്കൊപ്പം പോളിറ്റ്ബ്യൂറോയില്‍ ഇരിക്കുന്ന സുഭാഷണി അലി അവിടെയും നിന്നില്ല, ആര്‍എസ്എസ് വേഷത്തിന് നില്ക്കുന്ന രണ്ടു പേരുടെ ചിത്രമിട്ട്, ഇവരാണ് മണിപ്പൂരിലെ ബലാല്സംഗക്കാര് എന്നാണെഴുതിയത്.
മണിപ്പൂരിലെ സംഘര്‍ഷത്തില്‍ മതം ഒരു കക്ഷിയെയല്ല. മെയ്തി വിഭാഗത്തില്‍ ഏതാണ്ട് പത്തു ശതമാനത്തിലേറെ മുസ്ലിം ക്രിസ്ത്യന്‍ മത വിശ്വാസികളാണ്. അവരും എതിര് ഗോത്രത്തിനെതിരെ പ്രതിരോധ സജ്ജരായി രംഗത്തുണ്ടായിരുന്നു. അതില്‍ നിന്ന് തന്നെ മതമല്ല, വംശമാണ് അവിടെ വിഷയം എന്ന് വ്യക്തമാണ്. അക്കാര്യം കൃത്യമായി ബിഷപ്പ് പറഞ്ഞിരിക്കുന്നു. ക്രൈസ്തവസഭ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് കറക്കുകമ്പനി കൂട്ടുകെട്ടുകാര്‍ക്ക് പിരിഞ്ഞുപോകാമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: