മുഖ്യമന്ത്രി പിണറായി വിജയന് മിണ്ടുന്നതായിരുന്നു ഒരിടയ്ക്ക് നാടിന് അസ്വസ്ഥത ഉണ്ടാക്കിയിരുന്നത്. വൈകിട്ട് ഒരു മണിക്കൂര്‍ നടത്തിയിരുന്ന രാഗവിസ്താരം അറുബോറായപ്പോള് പലരും വിമര്‍ശിച്ചു. പക്ഷേ അദ്ദേഹം നിര്‍ത്തിയില്ല. പിന്നെ എപ്പോഴോ അതങ്ങുനിന്നു. ഇപ്പോള്‍ മുഖ്യമന്ത്രി മിണ്ടാന്‍ പറഞ്ഞിട്ട് മിണ്ടാത്തതാണ് നമ്മുടെ പ്രശ്നം. അദ്ദേഹമങ്ങനെയാണ്, സ്വയംതോന്നിയാണ്, അല്ലാതെ ആരെങ്കിലും പറഞ്ഞാല്‍ ചെയ്യുന്നയാളല്ല. പക്ഷേ, ഇങ്ങനെ പറയേണ്ട സമയത്ത് പറയാതിരിക്കുന്നത് പറയിപ്പിക്കല്തന്നെയാണ്.
പക്ഷേ മറ്റൊരുകാര്യം ശ്രദ്ധിക്കണം. മിണ്ടാത്ത മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുണ്ടല്ലോ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), സിപിഎം, അതിന്റെ നേതാക്കള്‍ പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് ആരോപിച്ച് മണിപ്പൂരിലെ കലാപത്തിന്റെ പേരില്‍ നാടുനീളെ ‘മിണ്ടിയും മണ്ടിയും’ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയാകട്ടെ, പറയേണ്ടത് പറഞ്ഞു. പറച്ചിലില്‍ തീരില്ലെന്ന് അറിയാമെന്നതിനാല്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവിടെ മുഖ്യമന്ത്രി പ്രവര്ത്തിയിലുമില്ല, മിണ്ടാട്ടവുമില്ല.
പക്ഷേ മിണ്ടാന്‍ മടിയില്ലാത്ത, എന്നല്ല, മിണ്ടിയാല്‍ അശ്രീകരമായി മാറുന്ന ചിലരുമുണ്ട് ആ പാര്‍ട്ടിയില്‍. അവര്‍ മിണ്ടിയത് ഏറെ അപകടകരമായിട്ടുണ്ട്, അതെക്കുറിച്ചും മുഖ്യമന്ത്രി മിണ്ടേണ്ടതുണ്ട് എന്നതാണ് സ്ഥിതി. അടിയന്തിരമായി മൂന്നു കാര്യങ്ങളില്‍ മുഖ്യമന്ത്രി മിണ്ടണം, നിലപാട് പറയണം. അത് കേരളത്തിന്റെ പൊതു താല്പര്യത്തിന് അവശ്യമാണ്. മൂന്നില്‍ ഒന്ന് എന്നല്ല ആദ്യത്തേത്, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ്. ഗണപതിയുടെ ഉദ്ഭവവും പുഷ്പക വിമാനവും മറ്റും അശാസ്ത്രീയമാണ്, അത് ശാസ്ത്രമാണെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്നാണ് പ്രസംഗം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായം പറയേണ്ടതുണ്ട്. കാരണം, സഖാവ് ഇഎംഎസ്, പി. ഗോവിന്ദപ്പിള്ള തുടങ്ങിയ പാര്ട്ടിസൈദ്ധാന്തികന്മാരുടെ അഭാവത്തില്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രിയാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും അവസാന വാക്ക്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞാല്‍ പോലും ആരും അതൊക്കെയും ഈ വിഷയങ്ങളിലും തമാശയായേ കാണൂ, കേള്‍ക്കൂ. പിണറായിതന്നെ പറയണം.
മറ്റൊന്ന് ‘രാമായണം വായിപ്പിക്കില്ലെന്നും ഹിന്ദുക്കളെ അമ്പല വാതില്ക്കല് പച്ചയ്ക്ക് കെട്ടിത്തൂക്കി കത്തിക്കു’മെന്നും മുസ്ലിം യൂത്ത് ലീഗ് വിളിച്ച മുദ്രാവാക്യത്തിന്റെ കാര്യത്തിലാണ്. അതിലും മുഖ്യമന്ത്രി മിണ്ടണം. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ കേസെടുത്തു, അവരെ അറസ്റ്റ്ചെയ്തു, ശിക്ഷ ഉറപ്പാക്കും തുടങ്ങിയ പ്രവൃത്തികള്‍ തെറ്റുചെയ്തവര്ക്കെതിരേയുള്ള നിയമ നടപടികള്‍ മാത്രമാണ്. അങ്ങനെ മുദ്രാവാക്യം വിളിച്ചത് ശരിയോ തെറ്റോ, മുസ്ലിം ലീഗിന്റെ നടപടിയോടുള്ള സിപിഎമ്മിന്റെ, സര്‍ക്കാരിന്റെ, മുഖ്യമന്ത്രിയുടെ നിലപാടെന്ത്, പ്രതികരണമെന്ത് എന്നത് പിണറായിതന്നെ മിണ്ടിപ്പറയേണ്ടതാണ്.
മൂന്നാമത്തേത്, സിപിഎം നേതാവും സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ ഖാദിബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനുമായ പി. ജയരാജന് നടത്തിയ പ്രസ്താവനയാണ്: ഷംസീറിനെ ചെറുത്താല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന പ്രസ്താവനയോടുള്ള സര്‍ക്കാര്‍ നിലപാട്, ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ നിലപാട്, പിണറായി വിജയന് മിണ്ടിപ്പറയുകതന്നെവേണം. നോക്കൂ: പറയരുതാത്തത് മൂന്നു പേര് പറയുന്നു; പറയേണ്ട മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു!!
എ.എന്‍. ഷംസീര്‍ നിയമസഭാ സ്പീക്കറാണ്. നിയമസഭയില്‍ മിണ്ടാതിരിക്കുന്നയാളാണ് ‘സ്പീക്കര്‍’; പദവിയുടെ പേര് ‘സ്പീക്കര്‍’ (സംസാരിക്കുന്നയാള്‍) എന്നാണെങ്കിലും. ‘മിണ്ടരുത്’ എന്നു പറഞ്ഞാല്‍ ‘ഭരണപക്ഷവും പ്രതിപക്ഷവും ഉള്ള സഭയില്‍ ഇരുപക്ഷത്തിനു വേണ്ടിയും പക്ഷംപിടിച്ച് മിണ്ടാതിരിക്കുന്നയാള്‍’ എന്നാണര്‍ത്ഥം. അതേസമയം, സഭ്യമല്ലാത്തകാര്യം അസ്ഥാനത്ത്, അസംബന്ധമായി ആരു പറഞ്ഞാലും അത് സഭാ രേഖകളില്‍നിന്ന് നീക്കുന്നയാള്കൂടിയാണ് സ്പീക്കര്‍. അതായത്, തികച്ചും ‘സഭ്യ’നായ ആളാണ് സ്പീക്കര്‍ എന്നര്‍ത്ഥം. അത്ര സൂക്ഷ്മമായി കാര്യങ്ങള്‍ വ്യക്തതയോടെ കണ്ടും നോക്കിയും പ്രവര്‍ത്തിക്കേണ്ടയാള്‍. നിയമസഭയിലായാലും ലോക്സഭയിലായാലും അതാണ് ഉത്തരവാദിത്വം. ആ സഭ്യത സഭയിലും സഭയ്ക്കു പുറത്തും കാണിക്കേണ്ടവര്‍. പക്ഷേ, കേരള സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആ സഭ്യത കാണിച്ചില്ല എന്നതാണ് ആക്ഷേപങ്ങള്‍. ആ ആക്ഷേപങ്ങള്‍ സത്യമാണെന്ന് ഷംസീറിനുള്പ്പെടെ എല്ലാവര്ക്കും അറിയുകയും ചെയ്യാം. ഗണപതി എന്നത് ഒരു പേരുമാത്രല്ല. ‘ഇന്നവീട്ടില് ഇന്നയാളുടെ മകന് ഗണപതി’ എന്നു പറഞ്ഞാല്‍ വ്യക്തിയാകും. പക്ഷേ ‘ആനയുടെ മുഖമുള്ള ഗണപതി’ എന്നു പറയുമ്പോള്‍ അത് ജനകോടികള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ‘പരമശിവ പുത്രനായ ഭഗവാന് ഗണപതി’യാണ്. ഉദാഹരണത്തിന് ‘ഷംഷീര്‍’ എന്ന വാക്കിന് ഉറുദുവിലും അറബിക്കിലും ‘വാള്’ എന്നാണ് അര്‍ത്ഥം. വാളിന് വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധമെന്ന അര്‍ത്ഥമുണ്ട്. മദ്യപിച്ച് ഛര്‍ദ്ദിക്കുന്നതിനെ നാട്ടിലെല്ലാം പ്രയോഗാര്‍ത്ഥത്തില്‍ ‘വാള്’ എന്ന് പരാമര്‍ശിക്കാറുണ്ട്. അപ്പോള്‍ അങ്ങനെയൊരു സാഹചര്യം വിവരിക്കുമ്പോള്‍, ‘അമിതമായി കള്ളുകുടിച്ച് (‘പോഷകാഹാരം’) ഒരാള്‍ പൊതുനിരത്തില്‍ ‘ഷംഷീര്‍’വെച്ചുവെന്ന് പറഞ്ഞാല്‍? അത് ആ പേരുകാര്‍ക്ക് അസഹ്യമാകും. അവര്‍ പരാതി പറയും. തൊടുപുഴയില്‍ അങ്ങനെയൊരു പേരുപറഞ്ഞതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. അപ്പോള്‍ ശാസ്ത്രീയത പഠിപ്പിക്കാന്‍, ഒട്ടും നിഷ്പക്ഷതയില്ലാതെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഗണപതിയുടെ ജന്മവൃത്താന്തത്തെ അസ്ഥാനത്ത് പറഞ്ഞത് ‘അസഭ്യ’ പ്രവൃത്തിയായിപ്പോയി. അത് തിരിച്ചറിഞ്ഞ്, തെറ്റിപ്പോയെന്ന് പറയാന്‍, രേഖയില്‍നിന്ന് നീക്കാന്‍ അദ്ദേഹം തയാറാകേണ്ടതായിരുന്നു. അത് ചെയ്തില്ല. പാര്‍ട്ടി (എം.വി. ജയരാജന്) ഷംസീറിനെ പിന്തുണയ്ക്കുന്നു. പക്ഷേ, സാമൂഹ്യ അസ്വസ്ഥതകള്‍ കേരളമാകെ ശക്തമാണ്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മിണ്ടുകതന്നെ വേണം.
സിപിഎമ്മിന് പതിറ്റാണ്ടുകള്‍ മുമ്പേ കടുത്ത ബാധ്യതയായി മാറിയ പി. ജയരാജനെ ചുമന്നു മാറ്റാന്‍ പാര്‍ട്ടിക്ക് കിട്ടിയ നല്ല അവസരമാണിത്. ജയരാജന് ആരാണ് നിയമസഭാ സ്പീക്കറുടെ സംരക്ഷണച്ചുമതല കൊടുത്തത്? സ്പീക്കര്‍ക്കെതിരേ കൈയും കാലും ഓങ്ങിയിട്ടുണ്ടല്ലോ സംസ്ഥാന നിയമസഭയില്‍ത്തന്നെ. അന്ന് സ്പീക്കറുടെ കസേരവരെ തല്ലിത്തകര്‍ത്തവര്‍, ആ കസേരയില്‍ സ്പീക്കറുണ്ടായിരുന്നെങ്കില് കഴുത്തിനു പിടിക്കില്ലായിരുന്നുവെന്ന് ആര്‍ക്ക് ഉറപ്പു പറയാനാകും. എന്നിട്ട് സംസ്ഥാനത്തെ നിയമ വ്യവസ്ഥ അന്നത്തെ പ്രതിപക്ഷമായ സിപിഎം നേതാക്കളില്‍ ആരെയും മോര്‍ച്ചറിയില്‍ കയറ്റിയോ? ഇതുവരെയില്ല; പകരം കോടതിയിലാണ് കയറ്റിയത്. ഒരാള്‍ മോര്‍ച്ചറി കയറിയേനെ, മേശപ്പുറത്തുകയറിയ വി. ശിവന്‍കുട്ടി. ഭാഗ്യം, അതു സംഭവിച്ചില്ല. അതുകൊണ്ട് നമുക്ക് ഇന്ന് ഇങ്ങനെയൊരു വിദ്യാഭ്യാസമന്ത്രിയുണ്ട്. അപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ചുമതലയിലിരുന്ന് ഒരു പാര്‍ട്ടി നേതാവിന് പരസ്യമായി കൊലവിളി ഭീഷണിമുഴക്കാന്‍ അനുമതിയുണ്ടോ, അവകാശമുണ്ടോ എന്ന്, ഇല്ലെങ്കില്‍ അത് ചട്ടമ്പിത്തരമാണെന്ന് പറയാന്‍ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി മിണ്ടുകതന്നെ വേണം.
‘ഇസ്ലാം സമാധാനത്തിന്റെ മതമാണ്,’- അങ്ങനെ ആവണം. ‘ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സമാധാനത്തിന്റെ ദൂതു പറയുന്ന മാടപ്രാവുക’ളാണ്- ഉവ്വ്, അങ്ങനെതന്നെ വേണം. ഇതൊക്കെയാണ് പുകഴ്ത്തിപ്പാട്ടുകാരുടെ വായ്ത്താരികളെങ്കിലും വാസ്തവം അങ്ങനെയൊന്നുമല്ലെന്ന് തെളിയിച്ചു മുസ്ലിം ലീഗ്. ഇന്ത്യ വിഭജിക്കാന്‍ കാരണക്കാരായ മുസ്ലിം ലീഗില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല കേരളത്തിലെ ലീഗ് എന്ന അവര്‍ കാസര്‍കോട്ടെ ഡിഎന്‍എ ടെസ്റ്റില്‍ തെളിയിച്ചു. പത്ത് ലക്ഷത്തിലേറെ ഭാരതീയരുടെ കൂട്ടക്കൊലയ്ക്ക് കാരണമായ ഭാരത- പാകിസ്ഥാന് വിഭജനത്തിന്റെ ചോര മുസ്ലിം ലീഗിന്റെ കൈയിലുണ്ട്. പാര്‍ട്ടി ഓഫീസ് മാറ്റിയാലോ പാര്‍ട്ടി നേതാവിന്റെ ആസ്ഥാനം മാറ്റിയാലോ ആ ചോരക്കറ മായില്ല. അതിന് കാരണമായ ഭാരത വിരോധവും ഹിന്ദുമത വിരോധവും മറക്കുകയില്ല എന്നതിന് തെളിവാണ് കാസര്‍കോട്ട് യൂത്ത് ലീഗിന്റെ പ്രകടനത്തില്‍ മുഴക്കിയ കൊലവിളി.
ആലപ്പുഴയില്‍ കുന്തിരിക്കവും അവലും മലരും വാങ്ങിവെച്ചോളൂ, അന്ത്യമടുത്തെന്ന് ഹിന്ദുവിനും ക്രിസ്ത്യാനിക്കും പരസ്യമായി മുന്നറിയിപ്പും താക്കീതും നല്കിയ ഇസ്ലാമിക ഭീകരവാദികളില്‍നിന്ന് ഒട്ടും പിന്നിലല്ല, കാസര്‍കോട്ട്, അമ്പല വാതില്ക്കല് പച്ചയ്ക്ക് കെട്ടിത്തൂക്കി കത്തിക്കുമെന്ന് മുദ്രാവാക്യം വിളിച്ചവര്‍. രണ്ടുകൂട്ടരുടെയും മനസ്സ് ഒന്നാണ്, ചിന്ത ഒന്നാണ്, ലക്ഷ്യമൊന്നാണ്. ഇവര്‍തന്നെയാണ് 1921 ല്‍ നടത്തിയ മാപ്പിളക്കലാപ വംശഹത്യയെ പിന്തുണച്ചും ഓര്‍മ്മിപ്പിച്ചും മലപ്പുറത്ത് കത്തിയൂരിപ്പിടിച്ച് പ്രകടനം നടത്തിയതും മുദ്രാവാക്യം മുഴക്കിയതും.
പക്ഷേ, മുന്നണികള്‍ കക്ഷിരാഷ്ട്രീയം പിടിക്കുകയാണ്. മുസ്ലിം ലീഗിനെ ഏതു മുന്നണിക്ക് കിട്ടും എന്നതാണ് മത്സരം. അതിന് എന്തെല്ലാം കൊടുക്കും എന്നതാണ് ചോദ്യം. എന്തുംകൊടുക്കാന് തയാറായി കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുമുണ്ട്. ശ്രദ്ധിച്ചോ? ഇരു മുന്നണികളും ലീഗിനെക്കുറിച്ച് മിണ്ടുന്നില്ല. മുസ്ലിം ലീഗ് നേതൃത്വം ചില നടപടികള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ത്തതും സര്‍ക്കാര്‍ കേസെടുത്തതുമല്ലാതെ ഒരു തിരുത്തലും ഉണ്ടായില്ല. ഈ വിഷയത്തിലും മുഖ്യമന്ത്രി മിണ്ടണ്ടേ? അമ്പലവാതിലുകള്‍ സുരക്ഷിതമാണെന്ന് പറയണ്ടേ? രാമായണം വായിക്കാന്‍ തടസമുണ്ടാകില്ലെന്ന് പറയണ്ടേ? മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി പ്രസ്താവന നടത്തി മുദ്രാവാക്യം തിരുത്തണമെന്ന് ആവശ്യപ്പെടണ്ടേ?
ചട്ടവും നടപടിയും കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറാണെങ്കില്‍, ഫേസ് ബുക്കില്‍ ഫോര്‍വേഡ് ചെയ്യുന്നത് സാമൂഹ്യ-മത സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന കാരണത്താല്‍ ‘പ്രതി’യെ വീടുവളഞ്ഞും ഓടിച്ചിട്ടു പിടിച്ചും അറസ്റ്റ് ചെയ്യുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെങ്കില്‍ മൂന്നു പ്രമുഖരെ അറസറ്റ് ചെയ്യേണ്ടതല്ലേ എന്ന് ചോദിക്കുന്നവരെ ചോദ്യം ചെയ്യാന്‍ പോകരുത്. കാരണം സാങ്കേതികപ്പിഴവില്‍, മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഓളിയിട്ട മൈക്രോഫോണിനെ അറസ്റ്റ് ചെയ്തവരാണ് പിണറായിപ്പോലീസ്!!
പക്ഷേ, ജയരാജന്മാരും ഷംസീര്‍മാരും മുസ്ലിം യൂത്തന്മാരും തൊണ്ടമുറിയെ മിണ്ടും. മുഖ്യമന്ത്രിക്ക് മിണ്ടാനാവില്ല. കാരണം പലരുടെയും കടുത്ത സെന്‍സര്‍ഷിപ്പിലാണ് മുഖ്യമന്ത്രി. ഇപ്പോള്‍ പദവിയിലേ ഉള്ളു, പ്രവൃത്തി മറ്റു പലരും കൈയാളിക്കഴിഞ്ഞു. ആഭ്യന്തരവകുപ്പില്‍ മറ്റാരോ ഭരിക്കുന്നുവെന്നാണ് സ്ഥിതി. വിവിധ വകുപ്പുകള്‍ അവരവരുടെ വഴിയേയാണ്. മുഖ്യമന്ത്രി പിണറായി വിജയന് പ്രതിദിനം പിടി അയയുകയാണ്. മിണ്ടാട്ടം കുറയുകയാണ്. അല്ലെങ്കില്‍ സംസ്ഥാന ജനതയോട് ഇത്ര ഭരണഹുങ്ക് കാണിക്കാന്‍ മാത്രം വങ്കത്തം ഒരു ഭരണാധികാരിക്കും ഉണ്ടാകില്ല.
പിന്കുറിപ്പ്:
ആലുവയില്‍ നീചന്മാരാല്‍ കൊലചെയ്യപ്പെട്ട ആറുവയസ്സുകാരി ചാന്ദ്നിക്ക് ബാഷ്പാഞ്ജലികള്‍. ജമ്മുവിലെ കത്വയില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം 2013 ഏപ്രിലിലായിരുന്നു. അതിന്റെ പേരില്‍ നടന്ന കുപ്രചാരണം അന്താരാഷ്ട്രതലത്തില്‍ ഗൂഢാസൂത്രണം നടത്തിയതായിരുന്നെന്ന് തെളിവു സഹിതം പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്, ‘ദ് ഗേള്‍ ഫ്രം കത്വ: എ സാക്രിഫിഷ്യന്‍ വിക്ടിം ഓഫ് ഘാസ്വാ-ഇ-ഹിന്ദ്’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 2018 ഏപ്രില്‍ 13ന്, ഇപ്പോള്‍ ഒന്നും മിണ്ടാത്ത നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്, സൈബര്‍ ചട്ടങ്ങള്‍ ലംഘിച്ച് സാമൂഹ്യ മാധ്യമത്തില്‍ ആ കുഞ്ഞിന്റെ ചിത്രം ഉള്‍പ്പെടെ ഒരു പോസ്റ്റ് ചേര്‍ത്തിരുന്നു. ഇപ്പോഴും അതവിടുണ്ട്. മുഖ്യനായാല്പ്പിന്നെ എന്ത് സൈബര്‍ നിയമം? ആ കുഞ്ഞിന്റെ ആത്മാവിനും ശാന്തി നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: