ന്യൂദല്‍ഹി: മണിപ്പൂരില്‍ ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ എരിതീയില്‍ എണ്ണയൊഴിച്ച് കത്തിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധശക്തികള്‍ നടത്തുന്ന പ്രചരണം തന്നെയാണ് മണിപ്പൂരിനെകുറിച്ച് ഈ പ്രതിപക്ഷപാര്‍ട്ടികളും നടത്തുന്നത്.
എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതോടെ അവിടെ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാകും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സമാധാനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും മനസ്സിലാകും. എന്നാലും അവര്‍ സത്യം പറയുമെന്ന് തോന്നുന്നില്ല. 140 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവ സഭാ നേതൃത്വത്തിന് മോദിയില്‍ പൂര്‍ണവിശ്വാസമുണ്ട്.
പ്രതിപക്ഷസഖ്യത്തിലെ പാര്‍ട്ടികളിലെല്ലാം കുടുംബാധിപത്യമുണ്ട്. സിബിഐ, ഇഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരും കോടതിയും വിവിധ കേസുകളുമായി ഇവരുടെ പിന്നാലെയുണ്ട്. ഈ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യമൊന്നുമില്ല. കേരളത്തില്‍ തല്ലുകൂടുന്ന കോണ്‍ഗ്രസും സിപിഎമ്മും ദല്‍ഹിയില്‍ കൈകോര്‍ക്കുന്നു. പശ്ചിമബംഗാളില്‍ പരസ്പരം കൈകോര്‍ക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ദല്‍ഹിയിലെത്തി ഒന്നാണെന്ന് പറയുന്നു. ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: