തിരുവനന്തപുരം: ദേശീയ, അന്തര്‍ദേശീയ ബഹുമതികളിലൂടെ മലയാളത്തിന്റെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനായ ടി.വി ചന്ദ്രന് സിനിമയില്‍ എത്തിയത് 1975ല്‍ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല ജെസി ഡാനിയേല്‍ പുരസ്കാരം സമ്മാനിക്കുമ്പോള്‍ ടി.വി. ചന്ദ്രന്റെ അരനൂറ്റാണ്ടു കാലത്തെ ചലച്ചിത്ര ജീവിതത്തിനുള്ള ആദരം കൂടിയാണ്.
അദ്ദേഹത്തിന്റെ ഒമ്പത് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുത്തു. ‘ആലീസിന്റെ അന്വേഷണം’ ലൊകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. പൊന്തന്മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച സിനിമകള്‍.
ജനനം 1950 നവംബര്‍ 23ന് തലശ്ശേരിയില്‍. മുരിക്കോളി കണ്ണോത്ത് നാരായണന് നമ്പ്യാരും കാര്‍ത്ത്യായനി അമ്മയുമാണ് മാതാപിതാക്കള്‍. മുഴുപ്പിലങ്ങാട് കടമ്പൂര് എല്‍.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം ബെംഗളൂരുവിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ ജോലി ലഭിച്ചു.
1981ല്‍ സ്വന്തം നിര്‍മ്മാണത്തില്‍ സംവിധാനം ചെയ്ത ‘കൃഷ്ണന്‍കുട്ടി’യാണ് ആദ്യ ചിത്രം. ‘ഹേമാവിന്‍ കാതലര്‍കള്‍’ എന്ന രണ്ടാമത്തെ ചിത്രം തമിഴിലാണ് ചെയ്തത്. തുടര്‍ന്ന് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍നിന്ന് ലോണെടുത്ത് ‘ആലീസിന്റെ അന്വേഷണം’ നിര്‍മ്മിച്ചു. സിനിമകള്‍ക്കു പുറമെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലി സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രങ്ങളില്‍ അഭിനേതാവായി. ഭാര്യ രേവതി. മകന് യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: