മദ്യപാനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. മദ്യം ദുരുപയോഗിക്കരുതെന്നും ഉത്തരവാദിത്തത്തോടെ അത് ആസ്വദിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്.
”എന്റെ ജീവിതത്തില്‍ മദ്യം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സമൂഹത്തെ സേവിക്കുമായിരുന്നു. മദ്യപാനമാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്,’ -രജനീകാന്ത് പറഞ്ഞു. മദ്യം ഇല്ലായിരുന്നെങ്കില്‍ വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്നത്തേതിനേക്കാള്‍ വലിയ താരമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രജനീകാന്തിന്റെ 2018ല്‍ പുറത്തിറങ്ങിയ കാല എന്ന ചിത്രത്തില്‍ മദ്യപാന പ്രശ്നങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മദ്യപാനത്തെ തുടര്‍ന്നുളള അശ്രദ്ധ മൂലം ഭാര്യയെ നഷ്ടപ്പെടുന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.അതുവരെ മദ്യവും സിഗരറ്റും സ്റ്റൈലിന്റെ ഭാഗമായി അവതരിപ്പിച്ച താരം അവ മോശമാണെന്ന് ആദ്യമായി പറഞ്ഞത് ഈ ചിത്രത്തിലാണ്.
‘സൂപ്പര്‍സ്റ്റാര്‍’ ടൈറ്റില്‍ കാര്‍ഡിനെക്കുറിച്ചുള്ള പ്രസ്താവനയാണ് രജനികാന്തിന്റെ പ്രസംഗത്തിലെ മറ്റൊരു ഹൈലൈറ്റ്. തന്റെ ഓരോ പുതിയ ചിത്രത്തിലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൈറ്റില്‍ കാര്‍ഡ് ഒഴിവാക്കണമെന്ന് രജനികാന്ത് പറഞ്ഞു. ടൈറ്റില്‍ കാര്‍ഡ് നീക്കം ചെയ്യാന്‍ അദ്ദേഹം സംവിധായകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അവര്‍ അത് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
ജയിലറിന്റെ സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറിന്റെ അവസാന ചിത്രമായ ബീസ്റ്റിന് ലഭിച്ച തിരിച്ചടിയെക്കുറിച്ചും സൂപ്പര്‍താരം തുറന്നുപറഞ്ഞു. വിജയ് നായകനായ ഈ ചിത്രം നിരൂപകരും പ്രേക്ഷകരും നിരാകരിച്ചു. ഇത് നെല്‍സനെ ജയിലറില്‍ നിന്ന് നീക്കം ചെയ്തുവെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കാനും കാരണമായി. എന്നാല്‍ രജനിയുടെ അഭിപ്രായത്തില്‍, മോശം അവലോകനങ്ങള്ക്കിടയിലും ബീസ്റ്റ് ഹിറ്റായിരുന്നു. ചിത്രം വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് സൂപ്പര്‍ താരം പറഞ്ഞു.
ജയിലറില്‍ രജനികാന്തിനെ കൂടാതെ ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണന്, മോഹന്‍ലാല്‍, ശിവരാജ്കുമാര്, വസന്ത് രവി, തമന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രജനിയുടെ പേട്ടയ്ക്ക് സംഗീതം നല്കിയ അനിരുദ്ധ് രവിചന്ദറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: