കാബൂൾ : കഴുത്തില്‍ കെട്ടുന്ന ടൈ ക്രിസ്ത്യാനികളുടെ കുരിശാണെന്ന് താലിബാന്‍. ശരിയത്ത് പിന്തുടരുന്ന രാജ്യങ്ങള്‍ ടൈ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും താലിബാന്‍. താലിബാന്റെ ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റ് വകുപ്പിന്റെ മേധാവി മുഹമ്മദ് ഹാഷിം ഷഹീദ് വോറാണ് ഈ പുതിയ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റെടുത്ത ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ സ്വാതന്ത്ര്യവും താലിബാന്‍ നിരോധിച്ചിരിക്കുകയാണ്. സാംസ്കാരിക പരിപാടികള്‍ പോലും വിലക്കിയിരിക്കുകയാണ്. അതിനിടയിലാണ് ടൈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ സ്‌കൂൾ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ടൈ കെട്ടരുതെന്ന് താലിബാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട് ഉണ്ട് . സ്‌കൂളുകളിൽ ടൈ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അയാസ് അഹമ്മദ് റയാൻ സ്ഥിരീകരിച്ചു. മാത്രമല്ല മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ല, എന്നാൽ മതവിദ്യാഭ്യാസം നിർബന്ധമാണെന്നും അഫ്ഗാനികൾ അത് പഠിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറഞ്ഞു.
“ഒരു അഫ്ഗാനിസ്ഥാന്‍കാരനായ മുസ്ലീം എഞ്ചിനീയറും ഡോക്ടറും എല്ലാം കഴുത്തിൽ ടൈ ധരിച്ചുകാണുന്നു. അത് ക്രിസ്ത്യാനികളുടെ കുരിശിനു തുല്യമാണ് . ഈ ക്രിസ്ത്യൻ കുരിശ് നശിപ്പിക്കാൻ ഇസ്‌ലാമിക ശരീയഅത്ത് മുസ്ലീങ്ങളോട് കൽപ്പിക്കുന്നു. കുരിശിനെ നശിപ്പിച്ച്, ഉന്മൂലനം ചെയ്യണമെന്നാണ് ശരീഅത്തിൽ കൽപ്പന ചെയ്തിരിക്കുന്നത്”- മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറയുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: