Categories: Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

ജീവനെന്നും പ്രാണനെന്നും പറയേണ്ടിടത്തൊക്കെ ജീവാത്മാവെന്നു കുഴച്ചു പറയുന്നതാണ് ഇത്തരം അവ്യക്തയ്ക്ക് ഹേതുവാകുന്നത്. ശിവ, ശക്തികള്‍ക്ക് അര്‍ദ്ധനാരീശ്വരത്വം കല്പിച്ചാലും രണ്ടിലും അവ തുല്യതയില്‍ വര്‍ത്തിക്കുമ്പോള്‍ രണ്ടും രണ്ടുതന്നെയാണല്ലോ? അതുപോലെ തന്നെയാണ് ജീവനും ആത്മാവും.

Published by

ഡോ.മുരളീധരന്‍ നായര്‍

ത്മാവും ജീവനും ദേഹവും ചേരുമ്പോഴാണല്ലോ ഒരു മനുഷ്യനുണ്ടാകുന്നത്. ദേഹമില്ലാതെ ജീവനോ,  ജീവനില്ലാതെ ആത്മാവിനോ നിലനില്‍പ്പില്ല. ശരീരനാശം ഭവിച്ചാല്‍, ജീവന്‍ പൂര്‍വകര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ദേഹം ലഭിക്കുന്നതു വരെ പ്രകൃതിയില്‍ അദൃശ്യമായി നിലനില്ക്കുകയും യോഗ്യമായതു ലഭിക്കുമ്പോള്‍ അതില്‍ വര്‍ത്തിക്കയും ചെയ്യും. പക്ഷെ ചിലര്‍ അസാധാരണ മരണത്തില്‍ ജീവന്‍ വെടിയുമ്പോള്‍ അവരുടെ ജീവാത്മാവ് വേറൊരു ശരീരം സ്വീകരിക്കാനാകാതെ അവിടെ കുടുങ്ങി നില്‍ക്കാനിടവരും. അതിന്റെ ചില ദൃഷ്ടാന്തങ്ങള്‍ നമുക്കനുഭവവേദ്യമായേക്കാം. അതിനെ അഥര്‍വവേദീയമായ ചില ഉച്ചാടന ക്രിയകളാല്‍ ക്രമപ്പെടുത്തി പുനര്‍ജനനത്തിന് യോഗ്യമാക്കാം.

പുനര്‍ജന്മം വ്യക്തമാക്കുന്ന ധാരാളം തെളിവുകള്‍ ലഭ്യമാണ്. അതിന് സ്വാമി ശിവാനന്ദ സരസ്വതിയുടെ ‘what becomes for the Soul after Death’   എന്ന ഗ്രന്ഥത്തില്‍ വ്യക്തമായ ചില ഉദാഹരണങ്ങള്‍ കാണാം. ഇവിടെ വേറെയും ഗ്രന്ഥങ്ങളില്‍ അത്തരം പുനര്‍ജന്മസംബന്ധിയായ പരാമര്‍ശങ്ങളും ദൃഷ്ടാന്തങ്ങളുമടങ്ങുന്ന വിവരണങ്ങളുണ്ട്.

soul  എന്ന ആംഗലേയപദം ജീവനെ അഥവാ സൂക്ഷ്മ ശരീരത്തെയാണ് സൂചിപ്പിക്കുന്നത്. അല്ലാതെ സംസ്‌കൃതവാക്കായ ആത്മാവിനെയല്ലെന്നറിയണം. ജീവനും ശരീരവുമെന്ന രണ്ടു ഘടകങ്ങളേ പാശ്ചാത്യലോകത്ത് ഉള്ളൂ.  ശരീരം പഞ്ചകോശ നിര്‍മ്മിതമാണല്ലോ. അതില്‍ ഭൂമി, ജല തത്ത്വങ്ങള്‍ സ്ഥൂലശരീരത്തെയും, അഗ്‌നി, വായു തത്ത്വങ്ങള്‍ മനഃ, പ്രാണ സംഘാതമായ പ്രാണശരീരം അഥവാ സൂക്ഷ്മശരീരത്തെയും (അേെൃമഹ ആീറ്യ) ആകാശാതീത മഹദ്തത്ത്വം ആത്മാവുമായി ജീവനില്‍ ജീവത്മാവായി വര്‍ത്തിക്കുന്നു. ജീവനില്‍ വര്‍ത്തിക്കുന്ന ആത്മാവ് പരമാത്മാവിന്റെ ഒരംശം തന്നെയാണ്. അതിനാലാണ് ആത്മാവിനു രാഗദ്വേഷമോ, പാപപുണ്യങ്ങളോ, യാതൊന്നു മില്ലെന്ന് ഗീതയും മറ്റനേകം പ്രാമാണിക ഗ്രന്ഥങ്ങളും ഉദ്‌ഘോഷിക്കുന്നതും. അതൊന്നും ഗ്രഹിക്കാതെ, ആത്മാവില്‍ കര്‍മമാരോപിച്ചും പാപപുണ്യങ്ങളാരോപിച്ചും ആത്മാവിനെ ജീവനായ് കണ്ട് അതിനു മോക്ഷം നല്‍കുന്ന പ്രക്രിയയോളം വലിയ അജ്ഞത വേറൊന്നില്ല തന്നെ. മനസെന്ന മനോമയകോശവും, പ്രാണനെന്ന പ്രാണമയകോശവും കൂടിയ സൂക്ഷ്മശരീരം അഥവാ ജീവനിലാണ് സര്‍വ രാഗദ്വേഷങ്ങളും കര്‍മവും അതിന്റെ പാപപുണ്യങ്ങളും സര്‍വവും. അല്ലാതെ കേവലം കര്‍മസാക്ഷി മാത്രമായ ആത്മാവിനല്ല.  

പക്ഷെ പല ഗ്രന്ഥങ്ങളിലും പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളാല്‍ ജീവനെ ജീവാത്മാവെന്നു സംബോധന ചെയ്ത് ആത്മാവില്‍ കുറ്റാരോപണം നടത്തുന്നതായി കാണുന്നു. പക്ഷെ അതങ്ങനെയല്ല. ജീവനില്‍ വസിക്കുന്ന ആത്മാവ് ജീവാത്മാവ്. അതിനാല്‍ ആ കര്‍മസാക്ഷി ബോധത്തില്‍ കുറ്റാരോപണം തീര്‍ത്തും അജ്ഞത എന്നല്ലാതെ എന്ത് പറയാന്‍? ഗീതയിലടക്കം അത് അടിവരയിട്ട് പ്രഖ്യാപിക്കുന്നുണ്ടല്ലോ?  

ജീവനെന്നും പ്രാണനെന്നും പറയേണ്ടിടത്തൊക്കെ ജീവാത്മാവെന്നു കുഴച്ചു പറയുന്നതാണ് ഇത്തരം അവ്യക്തയ്‌ക്ക് ഹേതുവാകുന്നത്. ശിവ, ശക്തികള്‍ക്ക് അര്‍ദ്ധനാരീശ്വരത്വം കല്പിച്ചാലും രണ്ടിലും അവ തുല്യതയില്‍ വര്‍ത്തിക്കുമ്പോള്‍ രണ്ടും രണ്ടുതന്നെയാണല്ലോ? അതുപോലെ തന്നെയാണ് ജീവനും ആത്മാവും.

ജീവനില്‍ ആത്മാവ് കര്‍മസാക്ഷിയായി വര്‍ത്തിക്കുമ്പോഴും താമരയിലയിലെ ജലം പോലെ ജീവന്റെ കര്‍മങ്ങളില്‍ നിന്നും തദ്വരാ അവയുടെ പാപപുണ്യങ്ങളില്‍ നിന്നും ആത്മാവ് പൂര്‍ണ മുക്തനായി നിലകൊള്ളുന്നു. പരമാത്മാ സ്ഫുലിംഗമായ ജീവത്മാവ് സര്‍വതില്‍നിന്നും മുക്തനാണെന്നതിനാല്‍ത്തന്നെ ആത്മാവിനു മോക്ഷം കൊടുക്കുക എന്ന വിധിയും പ്രയോഗവും തീര്‍ത്തും അബദ്ധപ്രയോഗമാണ്. ആര്, എവിടെ, ഏതില്‍ പറഞ്ഞാലും അത് അയുക്തവും അയോഗ്യവും അബദ്ധപ്രയോഗവും തന്നെ എന്നതില്‍ യാതൊരു സംശയത്തിനും അവകാശമില്ല തന്നെ.

പല അടിസ്ഥാന ഗ്രന്ഥങ്ങളിലും ജീവപ്രയോഗമുള്ളിടത്തു അവയുടെ വ്യാഖ്യാതാക്കള്‍ ജീവാത്മ എന്ന് എഴുതി വെച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതില്‍ ചിലര്‍ വേദം പഠിപ്പിക്കുന്ന പണ്ഡിതര്‍ പോലുമാണെന്നത് ഏറെ ഖേദകരം. അവരെയൊന്നും തിരുത്താന്‍ നമുക്കൊന്നും ആവതില്ലല്ലോ. ഇവരൊക്കെ പഞ്ചാക്ഷരിയെ ഓം ചേര്‍ത്ത് ഷഡാക്ഷരിയാക്കി ‘ഓം നമഃ ശിവായ’ എന്ന് തെറ്റായി  ജപിക്കുന്നവരുമാണ്. പഠിച്ചതല്ലേ ആര്‍ക്കും പാടാനാകൂ. വേദമന്ത്രങ്ങളൊക്കെ പ്രണവം ചെര്‍ത്തേ ചൊല്ലാവൂ എന്നതാവും അവര്‍ കണ്ടെത്തിയ ന്യായം. പക്ഷെ  പ്രണവാതീതനായ, പ്രപഞ്ചാതീതനായ ശിവന് അത് ചേരില്ലെന്ന സത്യം അറിയാത്തതു കൊണ്ടാകാം.  

ഒരു ശരീരം പൂര്‍ണമാകുന്നത് അതില്‍ ജീവനും ആത്മാവും കുടികൊള്ളുമ്പോള്‍ മാത്രമാണല്ലോ. അവ വിട്ടുപോയാല്‍ പിന്നെ ശരീരം കേവലം ശവം മാത്രം. അപ്പോള്‍ ജീവ, ആത്മ ഘടകങ്ങളാണ് അതില്‍ മുഖ്യമായതും ഒരു ജീവശരീരത്തിനു വ്യക്തിത്വം നല്‍കുന്നതും എന്ന് വ്യക്തമാകുന്നു.

ആത്മ പരാമര്‍ശം വേദാന്തം ഓരോ പഞ്ചഭൂതങ്ങളെയും ചൂണ്ടിക്കാട്ടി നേതി, നേതി. എന്ന് പറഞ്ഞു നിഷേധിക്കുന്നത് എത്രമാത്രം സത്യമെന്നു വേദാന്ത ഗ്രാഹ്യത വന്ന ഏവര്‍ക്കും അറിയാം. അല്ലാതെ പുരാണേതിഹാസങ്ങളിലെ കഥകളിലും മറ്റും  പ്രതിപാദിക്കുന്ന തരത്തിലുള്ളവയല്ല.

ആത്മാവ് എന്തിനാലും പോഷിക്കപ്പെടുന്നതല്ല. പക്ഷെ ശരീരവും തദ്വാരാ ജീവനും അന്നപാനാദികളെ ആശ്രയിച്ചും അവയാല്‍ പോഷിക്കപ്പെട്ടു നിലനില്‍ക്കുന്നതും ആണ്. അതിനാല്‍ത്തന്നെ ജീവനില്‍ ആത്മാ പരാമര്‍ശം ഒട്ടും ശരിയാകില്ല. പക്ഷെ ജീവാത്മാപ്രയോഗം ദ്വന്ദഭാവനയുമാണ്. അത് ജീവനില്‍ ചേര്‍ന്ന് വര്‍ത്തിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ മാത്രമാണെന്നതാണ് സത്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക