എരുമപ്പെട്ടി: ഇരുചക്രവാഹനങ്ങളില്‍ അപകടകരമാം വിധത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി എരുമപ്പെട്ടി പോലീസ്. നമ്പര്‍ മറച്ച് പോണ്‍ സൈറ്റിന്റെ ലോഗോ പതിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ട് ദിവസമായി എരുമപ്പെട്ടി സ്‌കൂളിന് മുന്നിലൂടെ പുറകില്‍ നമ്പറില്ലാതെ അമിത വേഗത്തില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് പലതവണ ഇത്തരത്തില്‍ സഞ്ചരിച്ച ബൈക്ക് എരുമപ്പെട്ടി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് എസ്‌ഐ കെ. അനുദാസും സംഘവും പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിന്റെ മുന്നിലെ നമ്പറിലും ഒരക്കം കുറച്ചാണ് എഴുതിയിരുന്നത്. ബൈക്കില്‍ അശ്ലീല വെബ്‌സൈറ്റിന്റെ ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതും ലൈസന്‍സില്ലാത്തതുമായ വ്യക്തിക്ക് ബൈക്ക് നല്‍കിയ ആര്‍സി ഓണര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബൈക്ക് കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം അമിത വേഗത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് മറ്റൊരു ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനും പോലീസ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: