ബെംഗളൂരു : യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് തടിയന്റവിട നസീറിനെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഒരു സംഘം യുവാക്കളെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തടിയന്റവിട നസീറുമായുള്ള ബന്ധം പുറത്തുവരുന്നത്. അറസ്റ്റിലായവര്‍ കര്‍ണാടക സ്വദേശികളാണ്.
യുവാക്കളെ ജയിലില്‍ വെച്ച് തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത് നസീര്‍ ആണെന്നാണ് പിടിയിലായവരുടെ മൊഴി. 2008 ലെ ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ തടവിലായിരുന്നു തടിയന്റവിട നസീര്‍. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇതേ ജയിലില്‍ കഴിയവേയാണ് പ്രതികളെ പരിചയപ്പെടുന്നത്.
ബെംഗളൂരു ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ നസീറായിരുന്നെന്നുവെന്നും ഇവര്‍ വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. 10 പേരടങ്ങുന്ന ഭീകരസംഘമാണ് ബെംഗളൂരുവില്‍ സ്ഫോടനത്തിനായി പദ്ധതിയിട്ടത്. കേസില്‍ അഞ്ച് പേര് ഒളിവിലാണ് ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ് വ്യക്തമാക്കി. ബെംഗളുരുവില്‍ വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പറയുന്നു. ഇവര്‍ക്ക് ലഷ്കര്‍ ഇ തോയിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിസിബി വ്യക്തമാക്കുന്നു. ഇവരില്‍ നിന്നും ആയുധ ശേഖരവും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: