ഗാന്ധിനഗര്‍ : അര്‍ദ്ധചാലക വ്യവസായത്തില്‍ ലോകത്ത് പ്രമുഖ സ്ഥാനമാണ് ഇന്ത്യക്കുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗുജറാത്തില്‍ സെമികോണ്‍ ഇന്ത്യ 2023 സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
ഇന്ത്യന്‍ അര്‍ദ്ധചാലക വ്യവസായത്തില്‍ നിക്ഷേപം നടത്താനുളള അവസരം പ്രയോജനപ്പെടുത്താന്‍ ആഗോള സ്വകാര്യ കമ്പനികളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്റെ അടിത്തറ ഇന്ത്യന്‍ അഭിലാഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും പരിഷ്ക്കരണത്തില്‍ അധിഷ്ഠിതമായ സര്‍ക്കാരും വിപുലീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വികസനവും പ്രതിഭകളുടെ കൂട്ടായ്മയും കോവിഡാനന്തര കാലത്ത് ഇന്ത്യയെ ആഗോളതലത്തില്‍ വിശ്വസ്ത പങ്കാളിയാക്കുന്നു. രാജ്യത്ത് അര്‍ദ്ധചാലക നിര്‍മ്മാണം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് സര്‍ക്കാര്‍ 50 ശതമാനം സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
വിദഗ്ധരായ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നതിനായി അര്‍ദ്ധചാലക മേഖലയ്ക്കായുളള അക്കാദമിക് കോഴ്സുകള്‍ പഠിപ്പിക്കുന്ന 300 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്.
ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്ത് ഇലക്ട്രോണിക് നിര്‍മ്മാണവും കയറ്റുമതിയും ഗണ്യമായി വികസിച്ചു. വ്യവസായ സൗഹൃദ നയങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഗുജറാത്തിനെ അര്‍ദ്ധചാലക മേഖലയുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
ആഗോളതലത്തില്‍ അര്‍ദ്ധചാലക വ്യവസായത്തിന്റെ വിപുലമായ സാധ്യതകള്‍ കണക്കിലെടുത്ത്, രാജ്യത്ത് അര്‍ദ്ധചാലക നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അര്‍ദ്ധചാലക ഭീമന്മാരുമായുള്ള മൂന്ന് ധാരണാപത്രങ്ങള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയെ അര്‍ദ്ധചാലകത്തിന്റെ കേന്ദ്രമായി ഉയര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അര്‍ദ്ധചാലക തന്ത്രവും അര്‍ദ്ധചാലക മേഖലയിലെ വികസനവും പ്രദര്‍ശിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയമാണ് മൂന്ന് ദിവസത്തെ സമേമേളനം സംഘടിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: