കൊച്ചി : മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനി നമിത കൊല്ലപ്പെട്ട സംഭവത്തില്‍ ബൈക്ക് ഓടിച്ച ആന്‍സന്‍ റോയിയുടെ ലൈസന്‍സും ആര്‍സി ബുക്കും റദ്ദാക്കും. ആന്‍സന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
ആന്‍സന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയില്‍ നിന്നും വ്യക്തമാണ്. കൂടാതെ പരിശോധനയില്‍ വാഹനത്തിന് കുഴപ്പമൊന്നുമില്ലെന്ന കണ്ടെത്തലിലാണ് മോട്ടോര്‍ വാഹന വകുപ്പ് ആന്‍സന്റെ ലൈസന്‍സും ആര്‍സിയും റദ്ദാക്കാന്‍ തീരുമാനിച്ചത്.
മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നമിത. കോളേജ് ജങ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ആന്‍സന്റെ ബൈക്കിടിച്ച് നമിത തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ആന്‍സനെതിരെ ഇതിന് മുമ്പും പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: